kollam-corporation

കൊല്ലം: ഉപാസന ആശുപത്രിക്ക് സമീപത്തെ നഗരസഭയുടെ ഭൂമി കൈയേറിയെന്ന ആരോപണം പരിശോധിക്കാൻ സർവേ വിഭാഗം തഹസിൽദാരുടെ നേതൃത്വത്തിൽ നാളെ ഹിയറിംഗ് നടക്കും. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളുമായി ഹാജരാകാൻ സർവേ തഹസിൽദാർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.

തന്റെ വസ്തു പൂർണമായും ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയതിന് സ്വകാര്യവ്യക്തി നഗരസഭയ്ക്ക് സൗജന്യമായി നൽകിയതാണ് ഇപ്പോൾ വിവാദമുയർത്തുന്ന ഭൂമി. പക്ഷേ ഭൂമി കൈമാറ്റം അന്ന് വില്ലേജ് ഓഫീസിലെ പോക്കുവരവ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. ഈ ഭൂമിക്ക് ചുറ്റുമതിൽ നിർമ്മിക്കാനുള്ള പദ്ധതിയാണ് മിനിട്സ് തിരുത്തി അട്ടിമറിച്ചത്. ഇത് വിവാദമായതോടെ ഭൂമിയുടെ നിലവിലെ ഉടമസ്ഥത സംബന്ധിച്ചും സംശയങ്ങൾ ഉയർന്നു. ഇതോടെ നഗരസഭാ സെക്രട്ടറി ഈ ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ തഹസിൽദാർക്ക് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളത്തെ ഹിയറിംഗ്.

വിവാദഭൂമി നഗരസഭയ്ക്ക് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവും ഉണ്ടായിരുന്നു. പക്ഷെ നഗരസഭാ രേഖകളിൽ ഈ ഉത്തരവ് കാണാനില്ല. തഹസിൽദാരുടെ ഹിയറിംഗിൽ ഹാജരാക്കേണ്ട പ്രധാന രേഖയായിട്ടുകൂടി സെക്രട്ടറിയേറ്റിൽ നിന്ന് ഉത്തരവിന്റെ പകർപ്പെടുക്കാൻ നഗരസഭ തയ്യാറായിട്ടില്ല.

 തിരുത്തിയതാര് ?

മിനിട്സ് തിരുത്തൽ വിവാദം ഉയർന്ന് ഒരുമാസത്തിലേറെ കഴിഞ്ഞിട്ടും ഗുരുതരമായ കുറ്റകൃത്യം ചെയ്തത് ആരാണെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ട് കൗൺസിൽ യോഗങ്ങളിലും പ്രതിപക്ഷ അംഗങ്ങൾ വിഷയം ഉന്നയിച്ചിട്ടും വ്യക്തമായ മറുപടി നൽകിയില്ല.