കൊല്ലം: സംരക്ഷണ പദ്ധതികളില്ല, പുനലൂർ മിനി സിവിൽ സ്റ്റേഷൻ നാശത്തിലേക്ക്. പുനലൂർ നിവാസികളുടെ ഏറെ നാളത്തെ ആവശ്യത്തെ തുടർന്നായിരുന്നു പത്ത് വർഷം മുമ്പ് മിനിസിവിൽ സ്റ്റേഷൻ നിർമ്മിച്ചത്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലയിൽ കെട്ടിട സമുച്ചയം നിർമ്മിച്ചത്. പട്ടണത്തിലെ വിവിധ ഇടങ്ങളിലായി സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകൾ ഒരു കുടക്കീഴിലാക്കാൻ സിവിൽ സ്റ്റേഷൻ ഉപകരിച്ചു. കോടതികൾ, താലൂക്ക് ഓഫീസ്, വ്യവസായ വകുപ്പ് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ടൗൺ എംപ്ലോയിമെന്റ് എക്സ്ചേഞ്ച്, വനം, സെക്കൻഡ് ക്ലാസ് കോടതികൾ, സബ്ട്രഷറി, ലേബർ ഓഫീസ്, ഇലക്ഷൻ വിഭാഗം തുടങ്ങിയവ ഉൾപ്പടെ ഇരുപതിലധികം സർക്കാർ ഓഫീസുകൾ ഇവിടെ പ്രവർത്തിച്ചു വരികയാണ്. എന്നാൽ കെട്ടിടം ശോച്യാവസ്ഥയിലായിട്ട് ഏറെ നാളുകളായി. കെട്ടിടത്തിന്റെ പല ഭാഗവും വിള്ളൽ വീണ് പായൽ പിടിച്ച് നശിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുളള കെട്ടിട സമുച്ചയം നവീകരിച്ച് മോടിപിടിപ്പിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകൾ ഏറെയായെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ജീവനക്കാരും നാട്ടുകാരും സിവിൽ സ്റ്റേഷനിലേക്ക് ഭീതിയില്ലാതെ എത്താനുള്ള അവസരം ഒരുക്കണമെന്നതാണ് ആവശ്യം.
വൃത്തിയുമില്ല ദുർഗന്ധവും
ഓഫീസുകളിലെ നശിച്ച ഫർണിച്ചറുകളും മാലിന്യങ്ങളും സൂക്ഷിക്കുന്നതും കെട്ടിടത്തിനുള്ളിൽ തന്നെയാണ്. കൂടാതെ ഓഫീസുകളോട് ചേർന്നുള്ള കക്കൂസ് വൃത്തിയാക്കാത്തതിനാൽ അതിൽ നിന്ന് ഉയരുന്ന ദുർഗന്ധം കാരണം ആളുകൾക്ക് മൂക്കുപൊത്താതിരിക്കാനാവില്ല. കെട്ടിടത്തിന് പുറകിൽ സബ് ട്രഷറിയോട് ചേർന്ന ഭാഗത്ത് കാട് വളർന്നിട്ട് മാസങ്ങായി. ഇവിടെ സ്ഥിതി ചെയ്തിരുന്ന കാന്റീന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷമായി. ഇത് കാരണം സർവീസ് പെൻഷൻ വാങ്ങാനെത്തുന്ന വൃദ്ധരായ റിട്ട.സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുളളവർക്ക് ആഹാരം കഴിക്കാനുള്ള സൗകര്യം പോലും നിലച്ചിരിക്കുകയാണ്.