12 തവണ ജലപീരങ്കി, ലാത്തി ചാർജ്
കൊല്ലം: മന്ത്രി കെ.ടി. ജലീലിനെ വഴിതടഞ്ഞ് കരിങ്കൊടി കാട്ടിയ യുവമോർച്ച പ്രവർത്തകരുടെ വീടുകളിൽ പൊലീസ് അതിക്രമം കാട്ടുന്നുവെന്ന് ആരോപിച്ച് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ 12 തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ലാത്തിച്ചാർജ് നടത്തിയാണ് പിൻതിരിപ്പിച്ചത്.
ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ് ഉൾപ്പെടെ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും ലാത്തിച്ചാർജിൽ പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും ബീച്ച് റോഡിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലിനാണ് ചിന്നക്കട റെസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിച്ചത്. ഞായറാഴ്ച രാത്രി പാരിപ്പള്ളിയിൽ വച്ച് മന്ത്രി കെ.ടി. ജലീലിനെ തടഞ്ഞ് കരിങ്കൊടി കാട്ടിയ ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനത്തിന്റെ ഉൾപ്പെടെ വീടുകളിലെത്തി പൊലീസ് അതിക്രമം കാട്ടിയെന്ന് യുവമോർച്ച ആരോപിക്കുന്നു. പൊലീസ് അക്രമം അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു മാർച്ച്.
എ.ആർ.ക്യാമ്പിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴായിരുന്നു ജലപീരങ്കിയും പിന്നാലെ ലാത്തിച്ചാർജും. ലാത്തിച്ചാർജ് നടക്കുന്നതറിഞ്ഞ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ സ്ഥലത്തെത്തി. ഇതോടെ യുവമോർച്ച പ്രവർത്തകർ വീണ്ടും സംഘടിച്ച് റോഡിൽ കുത്തിയിരുന്നു.
പോലീസ് അതിക്രമം ന്യായീകരിക്കാൻ കഴിയില്ലെന്നും പ്രകോപനം കൂടാതെ പൊലീസ് നടത്തിയ ആക്രമണം സി.പി.എം ഓഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബി.ബി. ഗോപകുമാർ ആരോപിച്ചു. ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.