എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സൗരോർജ്ജ പദ്ധതി
പ്രതിമാസം 25,000 രൂപയുടെ ലാഭം
പുനലൂർ: സൗരോർജ്ജ പാനൽ പദ്ധതി നടപ്പിലാക്കി വൈദ്യുതി ഉപയോഗത്തിൽ സ്വയം പര്യാപ്തത കൈവരിച്ച തെന്മല ഗ്രാമ പഞ്ചായത്ത് മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയാകുന്നു. പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സൗരോർജ്ജ പദ്ധതി നടപ്പിലാക്കിയത്.2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച സോളാർ പാനലിന്റെ പ്രവർത്തനം പഞ്ചായത്ത് ഓഫീസിൽ ആരംഭിച്ചതോടെ പ്രതിമാസം 25,000 രൂപയുടെ വൈദ്യുതി ചാർജ്ജാണ് ലാഭിക്കാൻ കഴിയുന്നത്.
10.5 മെഗാവാൾട്ട് വൈദ്യുതി
ആവശ്യത്തിന് വൈദ്യുതി ലഭിക്കും
പദ്ധതിയുടെ ഭാഗമായി 10.5 മെഗാവാൾട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ്ജ പാനലാണ് പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ളത്. അനർട്ടാണ് പാനൽ സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ വൈദ്യുതി മുഴുവൻ സൗരോർജ പാനലിൽ നിന്നും ലഭിക്കുമെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. ഒരു തദ്ദേശഭരണ സ്ഥാപനം ആദ്യമായാണ് സ്വന്തമായി ഒരു സോളാർ പാനൽ പദ്ധതി ആരംഭിച്ചു വൈദ്യുതി ഉപയോഗത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നത്.
ബാക്കിയാവുന്ന കെ.എസ്.ഇ.ബിക്ക്
പഞ്ചായത്തിന് വിട്ടു നൽകിയ എല്ലാ സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിക്കുന്നതിന് 2020-21 വാർഷിക പദ്ധതിയിൽ തുക നീക്കി വച്ച ശേഷംസി.പി.സി യുടെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലെ ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാനാണ് തീരുമാനമെന്ന്പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഉദ്ഘാടനം
പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥ പിള്ള, പഞ്ചായത്ത് അംഗങ്ങളായ എസ്. സുജാത, മുംതാസ് ഷാജഹാൻ, ആർ. സുരേഷ്, ജെയിംസ് മാത്യു . സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മോഹനൻ , സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.മണി,ബിൻസ് മോൻ തുടങ്ങിയവർ സംസാരിച്ചു.