തഴവ: ആശാപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താത്ക്കാലികമായി അടച്ച തഴവ പ്രാഥമികാരോഗ്യ കേന്ദ്രം അണുനശീകരണത്തിന് ശേഷം ഇന്ന് തുറക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസും ഓ.പി വിഭാഗങ്ങളും ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മെഡിക്കൽ ഓഫീസ‌ർ ഇൻ ചാർ‌ജ് ഡോ. ജാസ്മിൻ റിഷാദ് അറിയിച്ചു. ആശാപ്രവർത്തകയുമായി പ്രാഥമിക സമ്പ‌ർക്കമുണ്ടായ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ ജീവനക്കാരിലാരെയും കൊവിഡ് പോസിറ്റീവായി കണ്ടെത്താത്ത സാഹചര്യത്തിലാണ് അണുവിമുക്തമാക്കിയശേഷം ആശുപത്രി പ്രവ‌ത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചത്. കൊവിഡ് കേസുകൾ വ്യാപകമായ തഴവയിൽ കഴിഞ്ഞ ദിവസം രോഗം റിപ്പോ‌ർട്ട് ചെയ്യപ്പെട്ടവരുടെ പ്രാഥമിക സമ്പ‌ർക്കപ്പട്ടികയിൽപ്പെട്ട 81 പേരെ ഇന്നലെ പി.സി.ആർ പരിശോധനയ്ക്കും 5 പേരെ ആന്റിജൻ പരിശോധനയ്ക്കും വിധേയരാക്കി. ആന്റിജൻ പരിശോധനയ്ക്ക് വിധേയരായ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആശാപ്രവർത്തകയുടെയും അദ്ധ്യാപക കുടുംബത്തിന്റെയും സമ്പ‌ർക്കപ്പട്ടികയിൽപ്പെട്ടവരുടെയും പൊതുജനങ്ങളുമായി കൂടുതൽ ഇ

ടപെടുന്ന സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെയും പരിശോധന ഇന്ന് മണപ്പള്ളി തണ്ണീർക്കരയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കും.