തഴവ: കുതിരപ്പന്തിയിൽ കനാൽ ഭൂമിയിലെ കൂറ്റൻ ചാരുമരം നാട്ടുകാർക്ക് ഭീഷണിയാകുന്നു. കുതിരപ്പന്തിച്ചന്തയ്ക്ക് തെക്കുവശം കുന്നുതറ ഹരിജൻ കോളനിയിൽ സുധീർബാബുവിന്റെ വീടിന്റെ വശത്തായാണ് കാടുകളിൽ സാധാരണയായി കാണാറുള്ള ചാരു മരം സമീപവാസികളുടെ ഉറക്കം കെടുത്തുന്നത്.
മരത്തിന്റെ ഇലയോ പൂവോ കായോ കമ്പോ തൊട്ടാൽ ശരീരം ചൊറിഞ്ഞുതടിച്ച് വ്രണമുണ്ടാക്കുന്നതാണ് നാട്ടുകാരുടെ ഭീതിയ്ക്ക് കാരണം.
ചൊറിച്ചിലും പൊള്ളലും
ചാരുമരമാണെന്ന് തിരിച്ചറിയാൻ കഴിയാതെ മരത്തിന്റെ പരിസരത്തെത്തിയവർക്കെല്ലാം മരം വിനയായിട്ടുണ്ട്. കനാലിന് ഇരുവശവുമുളള വീടുകളിലെ കൊച്ചുകുട്ടികളുൾപ്പെടെ ചാരിന്റെ അലർജി മൂലം മാസങ്ങളോളം ചികിത്സ തേടേണ്ടി വന്നവരാണ്. മരം പൂക്കുന്ന സമയത്താണ് പരിസരവാസികളിൽ ഭീതിയേറുന്നത്. കാറ്റിൽ പൂവും പൂമ്പൊടിയും പറന്ന് ആളുകളുടെ ശരീരത്ത് പതിക്കുന്നതാണ് പ്രശ്നം. മരത്തിന്റെ കമ്പും ഇലയുമെന്നപോലെ കറയും കായും വിഷശക്തിയുള്ളതാണ്. ഇരുണ്ട നിറത്തിലുള്ള തീക്ഷ്ണമായ കറയേറ്റാൽ ശരീരമാകെ പൊള്ളും. മണിക്കൂറുകൾക്കുള്ളിൽ കറയേറ്റഭാഗം വ്രണമാകും.
മരം മുറിച്ച് മാറ്റാൻ ഇടപെടണം
കനാലിന്റെ വശങ്ങളിലെ വീട്ടുകാരിൽ പലർക്കും ശരീരം ചൊറിഞ്ഞ് തടിക്കുകയും പൊള്ളുകയും ചെയ്തതോടെയാണ് ചാരുമരമാണ് ഇതിന് കാരണമെന്ന് തിരിച്ചറിഞ്ഞത്. പാഴ് മരമാണെങ്കിലും കല്ലട ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് നിൽക്കുന്നതിനാലും കാട്ടുമരമായതിനാലും കെ.ഐ.പിയുടെയും വനംവകുപ്പിന്റെയും അനുമതിയുണ്ടെങ്കിലേ ഇത് മുറിച്ച് മാറ്റാൻ കഴിയൂ. പരിസരവാസികൾക്ക് അലർജിയും ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്ന മരം മുറിച്ച് നീക്കുന്നതിനായി ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.