fish
മത്സ്യ വിപണനത്തിലെ തർക്കത്തെ തുടർന്ന് കൊല്ലം പോർട്ടിന് സമീപം തടിച്ചുകൂടിയ മത്സ്യത്തൊഴിലാളികൾ

കൊല്ലം: കാലാവസ്ഥാ മുന്നറിയിപ്പ് ലംഘിച്ച് ഒരു വിഭാഗം കടലിൽ പോയതിനെ ചൊല്ലി പോർട്ട് കൊല്ലം ഹാർബറിൽ മത്സ്യത്തൊഴിലാളികൾ ചേരിതിരിഞ്ഞുണ്ടായ തർക്കം സംഘർഷത്തിന്റെ വക്കോളമെത്തി.

ആറ് മുതൽ മത്സ്യബന്ധനത്തിന് നിരോധനം നിലനിൽക്കുകയാണ്. ഇതിനിടെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ കടലിൽ പോയി ഹാർബറിന് പുറത്ത് മത്സ്യവില്പന നടത്തിയിരുന്നു. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ ഇന്ന് മുതൽ കടലിൽ പോകാൻ ധാരണയായി. ഇതിന് വിരുദ്ധമായി 40 ഓളം വള്ളക്കാർ കടലിൽ പോയി. ആദ്യപോയവർ ഉച്ചയോടെ മടങ്ങിയെത്തിയെങ്കിലും ഹാർബറിൽ വില്പന അനുവദിച്ചില്ല. വൈകിട്ടോടെ കൂടുതൽ വള്ളങ്ങൾ മടങ്ങിയെത്തി. ഇതോടെ ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ തീരത്ത് സംഘടിച്ചു. മത്സ്യം വിൽക്കാൻ പാടില്ലെന്നായിരുന്നു ഇവരുടെ നിലപാട്. പക്ഷെ ഇവർക്കിടയിൽ തന്നെ ഭിന്നതയുണ്ടായി ഒരു വിഭാഗം വിൽക്കണമെന്ന ആവശ്യത്തിലേക്ക് മാറി.

കൂടുതൽ പൊലീസ് സംഘം എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരും മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ മത്സ്യം വിൽക്കാൻ ധാരണയായി. പക്ഷെ നിയമം ലംഘിച്ച് കടലിൽ പോയതിന് പതിനായിരം രൂപയ്ക്ക് മുകളിൽ വള്ളങ്ങൾക്ക് പിഴ ചുമത്തും. കടലിൽ പോയ വള്ളങ്ങളുടെയും തൊഴിലാളികളുടെയും ചിത്രങ്ങൾ ഫിഷറീസ് വകുപ്പും പൊലീസും ശേഖരിച്ചിട്ടുണ്ട്. എന്നാൽ കടലിൽ പോയ വള്ളങ്ങളിൽ 20 എണ്ണം മാത്രമാണ് ഹാർബറിൽ അടുത്തത്. ഹാർബറിന് പുറത്ത് അടുത്ത് നിയമവിരുദ്ധമായി കച്ചവടം നടത്തിയ വള്ളക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

 കീശയിൽ കേറിയത് ഒന്നരലക്ഷം വരെ

ഇന്നലെ കടലിൽ പോയ വള്ളങ്ങൾക്ക് ഒന്നരലക്ഷം രൂപ വരെ ലഭിച്ചു. കണവയാണ് പ്രധാനമായും ലഭിച്ചത്. രണ്ട് വള്ളങ്ങൾ ചേർന്നാണ് കണവയ്ക്കായി വലവിരിച്ച് വലിക്കുന്നത്. വള്ളങ്ങൾ കുറവായത് കൊണ്ട് വിരിച്ച വലകളിൽ കൂടുതൽ കുരുങ്ങുകയും ചെയ്തു. ഭൂരിഭാഗം കണവയും പതിവ് പോലെ സംസ്കരണ യൂണിറ്റുകളാണ് വാങ്ങിയത്. ദിവസങ്ങളായി കണവ കിട്ടാത്തതിനാൽ സംസ്കരണ യൂണിറ്റുകൾ മത്സ്യത്തൊഴിലാളികൾ ചോദിച്ച വില നൽകി വാങ്ങുകയായിരുന്നു.