gee

കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പൊലീസ് പിടിയിലായ പൊതു പ്രവർത്തകനും കൂട്ട് പ്രതിയായ സ്ത്രീയ്ക്കും എതിരെ കൂടുതൽ പരാതികൾ. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ചോളം പേർ ഇന്നും പരാതിയുമായി പൊലീസിനെ ബന്ധപ്പെട്ടു. തൃശൂർ അയ്യന്തോൾ ശ്രേയസ്സിൽ ഗീതാറാണി എന്ന ഗീതാ രാജഗോപാൽ (63) ചവറ പയ്യലക്കാവ് മാണുവേലിൽ കോട്ടയ്ക്കകം സദാനന്ദൻ (55) എന്നിവരെയാണ് ജോലി തട്ടിപ്പ് കേസിൽ ചവറയിൽ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് കെ.എം.എം.എൽ, റെയിൽവേ എന്നിവിടങ്ങളിൽ വിവിധ തസ്തികളിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഓരോ ഉദ്യോഗാർത്ഥികളിൽനിന്നും ലക്ഷങ്ങളാണ് ഗീതാ റാണിയും സദാനന്ദനും കൈപ്പറ്റിയത്.

റെയിൽവേയിൽ 11 പേർക്കും കെ.എം.എം.എല്ലിൽ 4 പേർക്കും ആണ് ജോലി നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത്.

കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. പരാതി നൽകിയവരിൽനിന്നും 55 ലക്ഷം രൂപ ഈടാക്കിയിട്ടുണ്ട്. വനിതാ പൊലീസ് ഓഫിസർ ലതിക, സിവിൽ പൊലീസ് ഓഫിസർ അനു എന്നിവർ ഉദ്യോഗാർഥികളെന്ന വ്യാജേന തട്ടിപ്പ് സംഘത്തെ സമീപിച്ചാണ് ഇരുവരെയും കുടുക്കിയത്. ഹാൾ ടിക്കറ്റ്, നിയമന ഉത്തരവ് എന്നിവ നൽകി വിശ്വാസ്യതയിലെടുത്തായിരുന്നു തട്ടിപ്പ്. കോടതി ഇന്നലെ റിമാൻഡ് ചെയ്ത ഇരുവരെയും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.