photo

കൊല്ലം: തെന്മല ഗ്രാമപഞ്ചായത്തിന് ഇനി സൂര്യന്റെ കരുതൽ വെളിച്ചം. സൗരോർജ്ജ പാനൽ പദ്ധതി നടപ്പിലാക്കി വൈദ്യുതി ഉപയോഗത്തിൽ സ്വയംപര്യാപ്തത കൈവരിച്ചിരിക്കുകയാണ് തെന്മല ഗ്രാമ പഞ്ചായത്ത്. എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സൗരോർജ്ജ പദ്ധതി നടപ്പിലാക്കിയത്. 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച സൗരോർജ്ജ വൈദ്യുതി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചതോടെ പ്രതിമാസം 25,000 രൂപയുടെ വൈദ്യുതി ചാർജ്ജാണ് ലാഭിക്കാൻ കഴിയുക. പദ്ധതിയുടെ ഭാഗമായി 10.5 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ്ജ പാനലാണ് അനർട്ടിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ വൈദ്യുതി മുഴുവൻ സൗരോർജ്ജ പാനലിൽ നിന്നു ലഭിക്കുമെന്ന സവിശേഷതയും പദ്ധതിക്കുണ്ട്.

മിച്ചംവരുന്നത് കെ.എസ്.ഇ.ബിക്ക്

പഞ്ചായത്തിന്റെ ആവശ്യത്തിലും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ആദ്യഘട്ട പ്രവർത്തനത്തിൽ നിന്ന് ബോദ്ധ്യമായി. പഞ്ചായത്തിന് വിട്ടു നൽകിയ എല്ലാ സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിക്കുന്നതിന് 2020-21 വാർഷിക പദ്ധതിയിൽ തുക നീക്കി വച്ച ശേഷം സി.പി.സി യുടെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു. പഞ്ചായത്തിന്റെയും കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലെയും ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം.

ഉദ്ഘാടനം

പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥ പിള്ള, പഞ്ചായത്ത് അംഗങ്ങളായ എസ്. സുജാത, മുംതാസ് ഷാജഹാൻ, ആർ. സുരേഷ്, ജെയിംസ് മാത്യു . സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മോഹനൻ , സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. മണി, ബിൻസ് മോൻ തുടങ്ങിയവർ സംസാരിച്ചു.

സോളാർ പാനൽ

സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന പ്രവർത്തനമാണ് സോളാർ പാനലുകളിൽ നടക്കുന്നത്. യാതൊരുവിധ രാസപ്രവർത്തനവും കൂടാതെയാണ് പ്രവർത്തനം. സിലിക്കൺ കൊണ്ടുണ്ടാക്കിയ പാളികളാണ് സോളാർ പാനലുകൾ. സിലിക്കൺ പാനലുകളിൽ പതിക്കുന്ന സൂര്യപ്രകാശം ഇലക്ട്രോണുകളുടെ പ്രവാഹം ഉണ്ടാക്കുകയും അത് വൈദ്യുതോർജ്ജമായി മാറുകയും ചെയ്യുന്നു. പാനലിന്റെ വലിപ്പം അനുസരിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവിൽ വ്യത്യാസം ഉണ്ടാകും. പാനലുകളിൽ നിന്ന് വൈദ്യുതി ബാറ്ററിയിൽ ശേഖരിച്ചു വയ്ക്കുന്ന വിധത്തിലും ബാറ്ററി ഇല്ലാതെ നേരിട്ട് കെ.എസ്.ഇ.ബിയുടെ ലൈനിലേക്ക് ബന്ധിപ്പിക്കുന്ന വിധത്തിലും സ്ഥാപിക്കാം. ബാറ്ററി ഇല്ലാത്ത രീതിയിലുള്ളവയിൽ കെ.എസ്.ഇ.ബി വൈദ്യുതി നിലച്ചാൽ വൈദ്യുതി തടസ്സം നേരിടാം.