തഴവ: തഴവയിൽ നാട്ടുകാർക്ക് ഭീഷണിയായ ചാരുമരം മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തം.
കുതിരപ്പന്തിച്ചന്തയ്ക്ക് തെക്കുവശം കുന്നുതറ ഹരിജൻ കോളനിയിൽ സുധീർബാബുവിന്റെ വീടിന്റെ വശത്തായി കനാലിനോട് ചേർന്നുള്ള മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് കല്ലട ജലസേചന പദ്ധതി ഓഫീസിനെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. കേരള കൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ നാട്ടുകാർക്ക് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്ന മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗം സലിം അമ്പിത്തറയുടെ നേതൃത്വത്തിൽ കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ കരുനാഗപ്പള്ളി അസി. എൻജിനീയർക്ക് പരാതി നൽകി. കനാലിന്റെ വശങ്ങളിലെ വീടുകളിൽ കുട്ടികളുൾപ്പെടെയുള്ളവർക്ക്
മരത്തിന്റെ ഇലയോ പൂവോ കായോ കമ്പോ തൊട്ടാൽ
അലർജിയും വിവിധതരത്തിലുള്ള ത്വക്ക് രോഗങ്ങളും പതിവായതോടെയാണ് മരം മുറിച്ച് നീക്കണമെന്ന ആവശ്യവുമായി പരിസരവാസികൾ രംഗത്തെത്തിയത്.കനാലിന്റെ വശങ്ങളിലെ വീട്ടുകാരിൽ പലർക്കും ശരീരം ചൊറിഞ്ഞ് തടിക്കുകയും പൊള്ളുകയും ചെയ്തതോടെയാണ് ചാരുമരമാണ് ഇതിന് കാരണമെന്ന് തിരിച്ചറിഞ്ഞത്.
#. കല്ലട ജലസേചന പദ്ധതിയുടെ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന മരമായതിനാൽ അത് മുറിച്ച് നീക്കാൻ ഫോറസ്റ്റ് വകുപ്പിനെ സമീപിക്കേണ്ടത് കല്ലട ഇറിഗേഷൻ വകുപ്പാണ്. പരാതി പരിശോധിച്ചശേഷം തുടർ നടപടിക്കായി ഫോറസ്റ്ര് വകുപ്പിന് കൈമാറാമെന്ന് പറഞ്ഞിട്ടുണ്ട്. - സലിം അമ്പിത്തറ, ഗ്രാമപഞ്ചായത്തംഗം.
#ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പാഴ്മരം ജനവാസമേഖലയിൽ നിന്ന് മുറിച്ച് നീക്കാൻ കല്ലട ജലസേചന പദ്ധതി ഓഫീസും വനംവകുപ്പും ഉടൻ ഇടപെടണം. -ബിജു പാഞ്ചജന്യം, ബ്ളോക്ക് പഞ്ചായത്തംഗം
# ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ട്രീകമ്മിറ്റിയാണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.കുതിരപ്പന്തിയിൽ ജനങ്ങൾക്ക് മാരകമായ ത്വക്ക് രോഗങ്ങൾക്കിടയാക്കുന്ന ചാരുമരം മുറിച്ച് നീക്കുന്നതിന് കല്ലട ജലസേചന പദ്ധതി ഓഫീസിലും വനം വകുപ്പിലും സമ്മർദ്ദം ചെലുത്തും. മരത്തിന്റെ വിലനിശ്ചയിക്കലുൾപ്പെടെയുള്ള കാര്യങ്ങൾ കാലതാമസമില്ലാതെ പൂർത്തിയാക്കി മരം മുറിപ്പിക്കാനാവശ്യമായ നടപടി കൈക്കൊള്ളും. - അനിൽ എസ്. കല്ലേലി ഭാഗം,
ജില്ലാ പഞ്ചായത്തംഗം.