കൊല്ലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാല് സൗജന്യ അവശ്യസാധന കിറ്റിൽ ആദ്യത്തേതിന്റെ വിതരണത്തിനുള്ള നടപടി തുടങ്ങി. ഈമാസം അവസാനവാരത്തോടെ കിറ്റുകൾ റേഷൻകടകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
നേരത്തേയുള്ള കിറ്റുകൾ പോലെ സപ്ലൈകോയ്ക്കാണ് സെപ്തംബർ മുതൽ ഡിസംബർ വരെ നാല് മാസങ്ങളിലെയും കിറ്റുകളുടെയും വിതരണ ചുമതല. കിറ്റിൽ കൂടുതൽ പായ്ക്കറ്റ് ഇനങ്ങളായതിനാൽ തയ്യാറാക്കാൻ കൂടുതൽ സമയം വേണ്ടി വരില്ല. ഓണക്കിറ്റിലെ ഇനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു. അതുകൊണ്ട് ഇനിയുള്ള സൗജന്യ കിറ്റിലെ ഇനങ്ങളുടെ ഗുണനിലവാരം, ശുചിത്വം എന്നിവ ഉറപ്പാക്കാൻ പായ്ക്കിംഗ് കേന്ദ്രങ്ങളിൽ ക്വാളിറ്റി കൺട്രോൾ ഓഫീസറെ നിയോഗിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കിറ്റിൽ ഉൾപ്പെട്ട ഇനങ്ങളുടെ സംഭരണം സപ്ലൈകോയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇനിയുള്ള നാല് സൗജന്യ കിറ്റുകളിലും ഒരേ ഇനങ്ങൾ തന്നെയാകാനാണ് സാദ്ധ്യത.
കിറ്റിലെ ഇനങ്ങൾ
കടല: 750 ഗ്രാം
പഞ്ചസാര: 1 കിലോ
ആട്ട: 1കിലോ
വെളിച്ചെണ്ണ: അര ലിറ്റർ
മുളകുപൊടി: 100 ഗ്രാം
ഉപ്പ്: 1 കിലോ
ചെറുപയർ: 750 ഗ്രാം
സാമ്പാർ പരിപ്പ്: 250 ഗ്രാം