കൊല്ലം: ദേശീയപാത 66ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ ഹിയറിംഗ് ജില്ലയിൽ ഉടൻ പൂർത്തിയാകും. ഓച്ചിറ മുതൽ കടമ്പാട്ട്കോണം വരെ നാലുവരി പാതയ്ക്ക് ആവശ്യമായ ഭൂമി
യുടെ രേഖകൾ പരിശോധിച്ച് ഉടമകളുടെ ഹിയറിംഗ് പൂർത്തിയാക്കുന്ന ജോലികളാണ് സ്പെഷ്യൽ തഹസീൽദാർമാരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
കരുനാഗപ്പള്ളി, കാവനാട്, ഇരവിപുരം, ചാത്തന്നൂർ സ്പെഷ്യൽ തഹസീൽദാർമാരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. കരുനാഗപ്പള്ളിയിൽ അയണിവേലിക്കുളങ്ങര വില്ലേജിലെ ഭൂവുടമകളിൽ പകുതിപ്പേരുടെ ഹിയറിംഗ് പൂർത്തിയായി. കരുനാഗപ്പള്ളി, ആദിനാട്, കുലശേഖരപുരം വില്ലേജുകളിലെ ഹിയറിംഗ് ഇതിന് ശേഷം നടക്കും.
ചാത്തന്നൂർ സ്പെഷ്യൽ തഹസീൽദാരുടെ കീഴിലുള്ള മീനാട് വില്ലേജിലെ ഹിയറിംഗ് 18ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാരിപ്പള്ളി, ചിറക്കര, കല്ലുവാതുക്കൽ വില്ലേജുകളിലെ ഹിയറിംഗ് പിന്നീട് നടക്കും. ഇരവിപുരം തഹസീൽദാരുടെ കീഴിൽ മയ്യനാട് വില്ലേജിലെ ഭൂവുടമകളുടെ ഹിയറിംഗാണ് അവശേഷിക്കുന്നത്. ശക്തികുളങ്ങര, തഴുത്തല, ആദിച്ചനല്ലൂർ വില്ലേജുകളിലും ഭൂവുടമകളിൽ നിന്ന് രേഖകളുടെ ശേഖരണം പൂർത്തിയാക്കിയതായി തഹസീൽദാർ അറിയിച്ചു. കാവനാട് സ്പെഷ്യൽ തഹസീൽദാരുടെ കീഴിൽ ചവറയിലെ ഹിയറിംഗ് ഇന്നും നാളെയുമായി നടക്കും. നീണ്ടകര, വടക്കുംതല, പന്മന വില്ലേജുകളിലെ ഹിയറിംഗ് പൂർത്തിയാക്കി.
അടുത്തഘട്ടം വില നിശ്ചയിക്കൽ
ഹിയറിംഗ് പൂർത്തിയായ സ്ഥലങ്ങളിൽ കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും വില നിശ്ചയിക്കലാണ് അടുത്തഘട്ടം. ഓരോ വില്ലേജിലും ഏറ്റവും അടുത്ത് രജിസ്റ്റർ ചെയ്ത ആധാരങ്ങൾ പരിശോധിച്ച് അതിലെ ഉയർന്ന വില പൊന്നും വിലയായി നൽകിവേണം വസ്തു ഏറ്റെടുക്കാൻ. വീടുകൾക്കും കടകൾക്കും നിർമ്മാണചെലവും മുടക്ക് മുതലും കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുക.
പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരുടെ സഹായത്തോടെയാകും കെട്ടിട മൂല്യനിർണയം. പറമ്പുകളിലെ മരങ്ങളും മറ്റും മുറിച്ച് നീക്കേണ്ടതുണ്ടെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വലിപ്പവും പ്രാധാന്യവും അനുസരിച്ച് വിലയിടും. ഇത്തരത്തിലാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. ഭൂവുടമകൾക്ക് അനുവദിച്ച തുക 3- ജി നോട്ടിഫിക്കേഷനിലൂടെ ഗസറ്റിൽ പരസ്യപ്പെടുത്തി ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറിയാലേ നിർമ്മാണത്തിന് വസ്തുക്കൾ ഏറ്റെടുക്കാൻ കഴിയൂ.
''
ഹിയറിംഗ് നിശ്ചിത സമയത്ത് പൂർത്തിയാക്കിയാലുടൻ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗയാമുള്ള വില നിശ്ചയിക്കലും രേഖാപരിശോധനയും ആരംഭിക്കും. ഏറ്റെടുത്ത സ്ഥലം ആധാരത്തിൽ രേഖപ്പെടുത്തി മടക്കി നൽകുന്നതിനൊപ്പം ബാങ്ക് അക്കൗണ്ടുകളിൽ പണം കൈമാറി ഭൂമി ഏറ്റെടുക്കും.
ആർ.സുമീതൻ പിള്ള, സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ
ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം
ഓച്ചിറ - കടമ്പാട്ടുകോണം: 56.3 കി.മീറ്റർ
ഏറ്റെടുക്കേണ്ട ഭൂമി: 60 ഹെക്ടർ
ഭൂവുടമകൾ: 500
നാലുവരിപ്പാത വീതി: 45 മീറ്റർ