കൊല്ലം: സൈനിക ഉദ്യോഗസ്ഥന് വാഹനം വിൽക്കാനുണ്ടെന്ന് നവമാദ്ധ്യമങ്ങളിലും വിവിധ ആപ്ലിക്കേഷനുകളിലും പരസ്യം നൽകി തട്ടിപ്പ് നടത്തുന്ന സംഘം സജീവമായതായി കൊട്ടാരക്കര റൂറൽ സൈബർ പൊലീസിന്റെ മുന്നറിയിപ്പ്. മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാൽ വാഹനം വിൽക്കുകയാണെന്ന് പരസ്യങ്ങളിൽ പറയും. വിശ്വാസം തോന്നിപ്പിക്കുന്ന തരത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും ഒപ്പം കാണും. ആർമിയുടെ കൊറിയർ സർവീസ് മുഖേന വാഹനം എത്തിച്ച് നൽകുമെന്നാണ് പരസ്യത്തിനൊപ്പമുള്ള ഫോൺ നമ്പരിൽ ബന്ധപ്പെടുമ്പോൾ പറയുന്നത്. വാഹനം വാങ്ങാൻ താത്പ്പര്യമുണ്ടെന്ന് അറിയിക്കുന്നവരോട് കൊറിയർ ചാർജ് ആയി കുറച്ച് പണം ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ വഴി അയച്ച് നൽകാൻ ആവശ്യപ്പെടും. വാഹനം നേരിൽകാണുമ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ പണം തിരികെ തരുമെന്ന് വിശ്വസിക്കുന്ന തരത്തിൽ അവതരിപ്പിക്കും. പക്ഷേ പണം കൈമാറി കഴിഞ്ഞാൽ പിന്നീട് ഫോണിലൂടെ അവരെ ബന്ധപ്പെടാൻ കഴിയാതെ വരും. സമാന തട്ടിപ്പിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പലരും ഇരകളായി. കബളിപ്പിക്കപ്പെട്ടു എന്ന് പുറത്ത് പറയുന്നതിന്റെ നാണക്കേടോർത്ത് പലരും പരാതി നൽകാൻ തയ്യാറാകുന്നില്ല. മുൻകൂർ പണം ആവശ്യപ്പെടുന്ന സംഘങ്ങളുമായി ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും നടത്തരുതെന്നാണ് പൊലീസ് നിർദേശം. തട്ടിപ്പാണെന്ന് സംശയം തോന്നിയാൽ കൊട്ടാരക്കര റൂറൽ പൊലീസിന്റെ സൈബർ വിഭാഗത്തെ ബന്ധപ്പെടാം. ഫോൺ.

9497980211.