പുനലൂർ: പേപ്പർ മില്ലിന് സമീപത്തെ കല്ലടയാറിന് മദ്ധ്യേ സ്ഥിതി ചെയ്യുന്ന പഴയ തടയണയുടെ ഉയരം വർദ്ധിപ്പിച്ച് പട്ടണത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് കല്ലടയാറിന് മദ്ധ്യേ കരിങ്കല്ലിൽ കെട്ടി ഉയർത്തിയ തടയണക്ക് ഉയരം കുറഞ്ഞതോടെ കാലവർഷത്തിൽ കല്ലടയാറിലെ വെള്ളം തടഞ്ഞു നിർത്താൻ കഴിയാതെ വന്നതോടെ പുനലൂർ നഗരസഭ പ്രദേശങ്ങളിൽ വേനലിൽ രൂക്ഷമായ കുടിവെളള ക്ഷാമമാണ് അനുഭവപ്പെടുന്നത്.വേനലിൽ കല്ലടയാറ്റിലെ ജല നിരപ്പ് ക്രമാതിയമായി താഴുന്നതോടെ വാട്ടർ അതോട്ടിയുടെ നേതൃത്വത്തിൽ ശുദ്ധജല വിതരണത്തിനാവശ്യമായ പമ്പിംഗ് മുടങ്ങുന്നതോടെയാണ് കുടിവെള്ള ക്ഷാമം നേരിടേണ്ടി വരുന്നത്.
പ്രഖ്യാപനം നടപ്പായില്ല
എല്ലാ വർഷവും വേനലിൽ നഗരസഭയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് തടയണയുടെ മുകളിൽ മൺ ചാക്കുകൾ അടുക്കി താത്ക്കാലികമായി ഉയരം വർദ്ധിപ്പിച്ച ശേഷമായിരുന്നു വെള്ളം തടഞ്ഞു നിർത്തിയിരുന്നത്.എന്നാൽ കാല വർഷം ആരംഭിക്കുന്നതോടെ മൺചാക്കുകൾ മഴ വെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിരുന്നു. ഇത് കണക്കിലെടുത്ത് രണ്ട് കോടി രൂപ ചെലവഴിച്ച് തടയണയുടെ ഉയരം കരിങ്കല്ല് കെട്ടി വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം പുനലൂരിൽ ഒരു പൊതു ചടങ്ങിനെത്തിയ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ അനന്തമായി നീണ്ട് പോകുന്നത് കാരണം അടുത്ത വേനലിന് മുമ്പ് തടയണയുടെ ഉയരം വർദ്ധിപ്പിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
അടുത്ത വേനലിലും രൂക്ഷമായ ശുദ്ധ ജല ക്ഷാമം
നിലവിലെ തടയണയുടെ ഉയരം വർദ്ധിപ്പിച്ചില്ലെങ്കിൽ അടുത്ത വേനലിലും രൂക്ഷമായ ശുദ്ധ ജല ക്ഷാമം നേരിടേണ്ടിവരുമെന്നാണ് നഗരവാസികൾ പറയുന്നത്.കനത്ത വേനലിൽ കല്ലടയാറ്റിൽ വാട്ടർ അതോറിട്ടി സ്ഥാപിച്ചിട്ടുളള കൂറ്റൻ കിണറുകൾ വെള്ളം കുറഞ്ഞ് തേളിയുന്നതോടെയാണ് പമ്പിംഗ് നിലക്കുന്നത്.കല്ലടയാറ്റിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കൂറ്റൻ ടാങ്കിൽ ശേഖരിച്ച ശേഷമാണ് നഗരസഭ പ്രദേശത്തെ 35 വാർഡുകളിലും ശുദ്ധജലം വിതരണം ചെയ്യുന്നത്.
കല്ലടയാറ്റിലെ പഴയ തടയണയുടെ ഉയരം വർദ്ധിപ്പിക്കാത്തത് കാരണം വേനൽ കാലയളവിൽ രണ്ട് മാസത്തോളം ഇട വിട്ട ദിവസങ്ങളിൽ നഗരസഭ പ്രദേശങ്ങളിലെ ജുദ്ധ ജല വിതരണം വർഷങ്ങളായി മുടങ്ങുകയാണ്.ഇത് കാരണം പുനലൂർ ഗവ.താലൂക്ക് ആശുപത്രിയടക്കമുളള സ്ഥാപനങ്ങളും, താമസക്കാരും ഏറെ നാളായി ദുരിതമനുഭവിച്ച് വരികയാണ്.