
കൊല്ലം: അഷ്ടമുടി കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കാതിരിക്കാൻ അഷ്ടമുടി കായലിന്റെ തീരത്തും തുരുത്തുകളിലുമുള്ള കുടുംബങ്ങൾക്ക് നഗരസഭ ബയോ ടോയ്ലെറ്റുകൾ നിർമ്മിച്ച് നൽകുന്നു. മൺറോത്തുരത്ത് പഞ്ചായത്ത് നേരത്തേ നടപ്പാക്കിയ പദ്ധതി മാതൃകയാക്കിയാണ് നഗരസഭയുടെ പുതിയ നീക്കം. ഇത്തവണത്തെ വാർഷിക പദ്ധതിയിൽ നഗസഭ ബയോ ടോയ്ലെറ്റ് വിതരണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി കായലിന്റെ തീരത്തും തുരുത്തുകളിലുമുള്ള എല്ലാ വീടുകളിലും ബയോ ടോയ്ലെറ്റ് സ്ഥാപിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. കായലിലേക്ക് വ്യാപകമായി കക്കൂസ് മാലിന്യം ഒഴുക്കുന്നത് അസഹ്യമായ ദുർഗന്ധമാണുണ്ടാക്കുന്നത്. ഇതിന് പുറമേ കായലിന്റെ ജൈവഘടനയേയും ഇത് സാരമായി ബാധിക്കുന്നുണ്ട്.
1500 ഓളം മാലിന്യ പൈപ്പുകൾ
നിയമസഭാ സമിതിയുടെ നിർദ്ദേശമനുസരിച്ച് ഒന്നര വർഷം മുൻപ് നഗരസഭാ ആരോഗ്യവിഭാഗം നഗരപരിധിയിലെ അഷ്ടമുടി കായലിന്റെ തീരത്തെയും തുരുത്തുകളിലെയും വീടുകളിൽ പരിശോധന നടത്തിയിരുന്നു. കായലിന്റെ മുകൾത്തട്ടിലേക്ക് തന്നെ 1500 വീടുകളിൽ നിന്ന് മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ഇതിൽ 600 ഓളം പൈപ്പുകൾ കക്കൂസ് മാലിന്യത്തിന്റേതായിരുന്നു. കൂടുതൽ ആഴത്തിൽ പരിശോധിച്ചാൽ ഇതിലും കൂടുതൽ പൈപ്പുകൾ കണ്ടെത്താനായേക്കും.
800 ലിറ്റർ സംഭരണ ശേഷി
എണ്ണൂറ് ലിറ്റർ സംഭരണ ശേഷിയുള്ള സിലിണ്ടർ രൂപത്തിലുള്ള ടാങ്കാണ് ബയോ ടോയ്ലെറ്റുകളുടെ പ്രധാനഘടകം. ഈ ടാങ്കിലേക്കെത്തുന്ന മാലിന്യത്തിലെ ജലാംശം വിവിധ ഘട്ടങ്ങളായി പൂർണമായും വേർതിരിച്ച് പുറത്തേക്ക് കളയും.
 5000 രൂപ നിർമ്മാണ ചെലവ്
ഏകദേശം അമ്പതിനായിരം രൂപയാണ് ബയോ ടോയ്ലെറ്റിന്റെ നിർമ്മാണ ചെലവ്. നിശ്ചിത തുക കുടുംബങ്ങൾ ഗുണഭോക്തൃ വിഹിതമായി നൽകണം. ഭംഗിയായി പരിപാലിച്ചാൽ വർഷങ്ങളോളം ടാങ്കിൽ നിന്ന് ഖരപദാർത്ഥങ്ങൾ നീക്കം ചെയ്യേണ്ടി വരില്ല.