കൊല്ലം: മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ് നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു.
ആർ.എസ്.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം ഹൈസ്കൂൾ ജംഗ്ഷൻ വഴി കളക്ടറേറ്റിന് മുന്നിലെത്തി പൊലീസിന്റെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. പൊലീസ് സംയമനം പാലിച്ചിട്ടും പ്രവർത്തകർ പിന്തിരിയാഞ്ഞതോടെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രവർത്തകരെ പൊലീസുകാർ ലാത്തി ഉപയോഗിച്ച് കുത്തുകയും ബൂട്ട് കൊണ്ട് ചവിട്ടുകയും ചെയ്തതായി ആരോപണമുണ്ട്.
വിഷ്ണു മോഹൻ, ഫെബി സ്റ്റാലിൻ, സുഭാഷ് എസ്. കല്ലട, സിയാദ്, ഹരീഷ് എന്നിവർക്ക് പൊലീസ് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ലാലു, സെക്രട്ടറി ഉല്ലാസ് കുമാർ, വിഷ്ണുമോഹൻ, ഫെബി സ്റ്റാലിൻ, പ്ലാക്കാട് ടിങ്കു, സുഭാഷ് എസ്. കല്ലട, വിഷ്ണു സുരേന്ദ്രൻ, ഷാനവാസ്, ഡേവിഡ് സേവ്യർ, ആദിനാട് പ്രശോഭൻ, നവീൻ, ഷെമീന ഷംസുദ്ദീൻ, സജിമോൻ, ബൽറാം സജീവ്, സിയാദ്, ഉല്ലാസ് കുമാർ, ഹരീഷ്, തൃദീപ്, ഉമേഷ് വെളിയം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.