കൊല്ലം: മുട്ടയ്ക്കും കോഴിക്കുഞ്ഞുങ്ങൾക്കുമായി മറുനാട്ടിൽ അലയേണ്ട സ്ഥിതി ഇല്ലാതാവുമെന്നും ആയൂർ തോട്ടത്തറ ഹാച്ചറി കോംപ്ലക്സ് ഉന്നത പഠനകേന്ദ്രമാക്കുമെന്നും മന്ത്രി കെ. രാജു പറഞ്ഞു.
മൃഗസംരക്ഷണ വകപ്പും കൊല്ലം ജില്ലാ പഞ്ചായത്തും ചേർന്ന് നവീകരിച്ച ഹാച്ചറി കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിദിനം 10.4 ലക്ഷം കോഴിമുട്ടകളാണ് ജില്ലയ്ക്ക് വേണ്ടത്. പദ്ധതി ആവശ്യങ്ങൾക്ക് നാലുലക്ഷം കോഴിക്കുഞ്ഞുങ്ങളും. ഇതിന് തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. 6.25 കോടി ചെലവിൽ നവീകരിച്ച ഹാച്ചറി കോംപ്ലക്സിൽ ആഴ്ചതോറും 32,000 കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാം. കൊത്തുമുട്ടകൾ (വിരിയിക്കാനുള്ള) കൂടി ഹാച്ചറിയിൽ ഉല്പാദിപ്പിക്കാനാകും. ഇതിനായി ഗ്രാമശ്രീ ഇനത്തിലെ മുട്ടക്കോഴികളെ മണ്ണൂത്തി വെറ്ററിനറി സർവകലാശാലയിൽ നിന്ന് ഉടനെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷയായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം മുല്ലക്കര രത്‌നാകരൻ എം.എൽ.എ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സി. മധു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. സുഷമകുമാരി, അംഗങ്ങളായ ടി. ഗിരിജാകുമാരി, വി. ജയകുമാർ, ശ്രീലേഖ വേണുഗോപാൽ, ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അരുണാ ദേവി, സെക്രട്ടറി കെ. പ്രസാദ്, അസി. ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ, ഡോ. എസ്.എസ്. ആര്യ എന്നിവർ പങ്കെടുത്തു.