chavara

തിരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും തയ്യാറെടുപ്പ് കുറച്ച് വിശാലമാക്കുന്നതിൽ തെറ്റില്ലല്ലോ. ഓരോ പ്രദേശങ്ങളിലും ഓളമൊരുക്കാനും ഞങ്ങളാണ് മുന്നിലെന്ന പ്രതീതി സൃഷ്ടിക്കാനും ഇപ്പോഴേ പല തരം പൊടിക്കൈകൾ മണ്ഡലത്തിൽ കാണാം. ചുവരുകളൊക്കെ നേരത്തെ ബുക്ക് ചെയ്തതിനാൽ ബുക്ക് ചെയ്യാത്തവർ നേരത്തെ ഔട്ടായിരുന്നു.

ഇപ്പോൾ കൊടികളാണ് താരം. ചിലർ പ്രധാന കവലകളിലെല്ലാം കൊടികൾ കുത്തിയിട്ടുണ്ട്. ഓരോയിടങ്ങളിലും സ്ഥിതി വ്യത്യാസമാണ്. ചില സ്ഥാപനങ്ങളോട് ചേർന്നും കടകളോട് ചേർന്നും ജനം കൂടുന്നിടത്തുമൊക്കെ ഇനി മൊത്തം ഞങ്ങളുടെ കൊടികളായിരിക്കുമെന്ന ധ്വനി പരത്തുംവിധമാണ് കൊടി വിന്യാസം.

ഒരു കൂട്ടർ കെട്ടുന്നതിന് നേരെ എതിരിൽ എതിരാളികളുടെ കൊടികളുണ്ട്. ഒട്ടും പിന്നിലല്ലാതെ ബി.ജെ.പിയും കൊടി കെട്ടാൻ മുന്നിലുണ്ട്. പ്ലാസ്റ്റിക് കയർ കെട്ടി ബുക്കുചെയ്ത് കൊടി കെട്ടിയ സ്ഥലങ്ങളുമുണ്ട്. ബസുകളിൽ പോകുന്നവരും മറ്റ് യാത്രക്കാരുടെയും ശ്രദ്ധയിൽ വേഗത്തിൽ കാണും വിധമാണ് ദേശീയപാതയിലെ കൊടി വിന്യാസം.

നീണ്ടകര പാലത്തിൽ കൊടി കെട്ടിയാൽ അത് കാണാനൊരു ചേലാണ്. ഇതിന്റെ അണിയറ നീക്കങ്ങൾ ഇരുപക്ഷത്തുമുണ്ട്. മിക്കവാറും ഇത് ഇടതുപക്ഷം കൊണ്ടുപോകുമെന്നാണ് തോന്നുന്നത്. മണ്ഡലങ്ങളുടെ അതിർത്തിയിൽ കൊടികെട്ടാനും പ്രചാരണം കൊഴുപ്പിക്കാനും പ്രത്യേകിച്ച് ചുള്ളന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ തുടർച്ചയായി സ്ഥിതിഗതികൾ വിലയിരുത്തിയാണ് കൊടി കെട്ടാനുള്ള സ്ഥലവും രീതികളും തിരഞ്ഞെടുക്കുന്നത്.