cpi

 സംസ്ഥാന എക്സിക്യുട്ടീവിൽ നിർണായക തീരുമാനം

കൊല്ലം: വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ സാദ്ധ്യത. ഈമാസം 23, 24 തീയതികളിൽ ചേരുന്ന സംസ്ഥാന എക്സി. യോഗത്തിൽ ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർണായക തീരുമാനമുണ്ടായേക്കും.

സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് ജില്ലാ കൗൺസിൽ യോഗങ്ങൾ ചേർന്നിട്ട് ഏഴ് മാസത്തിലേറെയായി. ഫെബ്രുവരിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റിനെ തീരുമാനിക്കാൻ ചേർന്ന ജില്ലാ എക്സി. യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രനും ജില്ലാ അസി. സെക്രട്ടറി പി.എസ്. സുപാലും തമ്മിലുണ്ടായ തർക്കം രൂക്ഷമായിരുന്നു. ഇതോടെ ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിച്ചശേഷം ജില്ലാ നേതൃയോഗങ്ങൾ ചേർന്നാൽ മതിയെന്ന് സംസ്ഥാന എക്സിക്യുട്ടീവ് നിർദ്ദേശം നൽകി. ഇതിനിടയിൽ ലോക്ക് ഡൗൺ അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ഇത് സംബന്ധിച്ച സംസ്ഥാന എക്സിക്യുട്ടീവിന്റെ തീരുമാനം നീളുകയായിരുന്നു.

ജില്ലാ എക്സിക്യുട്ടീവിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആർ. രാജേന്ദ്രനോടും സുപാലിനോടും സംസ്ഥാന എക്സിക്യുട്ടീവ് വിശദീകരണം ചോദിച്ചു. സുപാലിന്റെ ആദ്യ വിശദീകരണത്തിൽ വ്യക്തതയില്ലാത്തതിനാൽ വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഇരുവർക്കുമെതിരെ താക്കീത് മുതൽ നിലവിലെ ഉയർന്ന ഘടകത്തിൽ നിന്ന് ഒഴിവാക്കുന്നത് അടക്കമുള്ള കടുത്ത നടപടിയും എടുത്തേക്കും. ഇതിന് പുറമെയാണ് ജില്ലാ എക്സിക്യുട്ടീവ് പിരിച്ചുവിടാനുള്ള സാദ്ധ്യത.

പ്രതിസന്ധി ചരിത്രത്തിലാദ്യം

ഏഴ് മാസത്തോളം നേതൃയോഗങ്ങൾ ചേരാതിരിക്കുന്ന കടുത്ത പ്രതിസന്ധിയിൽ ജില്ലയിലെ സി.പി.ഐ എത്തുന്നത് ചരിത്രത്തിലാദ്യമാണ്. കഴിഞ്ഞ ജില്ലാ സമ്മേളനം മുതൽ ജില്ലയിലെ സി.പി.ഐയിൽ ചേരിതിരിവ് രൂപപ്പെട്ടിരുന്നു. പിന്നീട് എൻ. അനിരുദ്ധനെ മാറ്റി ആർ. രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാൻ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിച്ചതോടെ വിഭാഗീയത രൂക്ഷമായി. അനിരുദ്ധന് പകരം സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കരയെ ജില്ലാ സെക്രട്ടറിയാക്കിയിട്ടും എക്സിക്യുട്ടീവ്, കൗൺസിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് രണ്ട് പക്ഷത്ത് തന്നെയാണ്. പിന്നീട് നടന്ന ജില്ലാ അസി. സെക്രട്ടറി തിരഞ്ഞെടുപ്പിലും ചേരിതിരിഞ്ഞ് മത്സരമുണ്ടായി. ഇതിന് പിന്നാലെയാണ് രണ്ട് വിഭാഗങ്ങളുടെയും നേതാക്കളായ രണ്ടുപേർ എക്സിക്യുട്ടീവിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത്.

വീണ്ടും പുതിയ സെക്രട്ടറി !

സി.പി.ഐയുടെ ഭരണഘടന പ്രകാരം ആറ് മാസത്തിലധികം ഒരാൾക്ക് താത്കാലിക സെക്രട്ടറി സ്ഥാനം വഹിക്കാനാകില്ല. മുല്ലക്കരയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ കെ.ആർ. ചന്ദ്രമോഹൻ ജില്ലാ സെക്രട്ടറിയുടെ ചുമതലയെടുത്തിട്ട് ആറ് മാസം കഴിഞ്ഞു. അടുത്ത സംസ്ഥാന എക്സിക്യുട്ടീവിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും.