judgment

കൊല്ലം: പൊതുഖജനാവിലെ പണം ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് തുടങ്ങിയ കുടിവെള്ള പദ്ധതി സ്വകാര്യ വ്യക്തികൾ കൈകാര്യം ചെയ്യുന്നത് സർക്കാർ പണത്തിന്റെ ദുരുപയോഗമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. പവിത്രേശ്വരത്ത് പ്രവർത്തിക്കുന്ന നിള കുടിവെള്ള പദ്ധതി ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് എല്ലാ ജനങ്ങൾക്കും തുല്യ അവകാശത്തോടെ അനുഭവിക്കാൻ നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. ഒരു മാസത്തിനകം നടപടി സ്വീകരിച്ച് അറിയിക്കണം.

ചെറുപൊയ്ക സ്വദേശി എസ്. സോമശേഖരൻ സമർപ്പിച്ച പരാതിയിലാണ് നടപടി. പട്ടികജാതിയിൽപ്പെട്ട പരാതിക്കാരന് നിള കുടിവെള്ള പദ്ധതിയിൽ നിന്നുള്ള കണക്ഷൻ നൽകുന്നില്ലെന്നാണ് പരാതി. കമ്മീഷൻ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. പദ്ധതിയിൽ ഗ്രാമപഞ്ചായത്തിന് നേരിട്ട് നിയന്ത്രണാധികാരങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ 2003 - 2004 കാലത്ത് ജില്ലാ പഞ്ചായത്ത് പവിത്രേശ്വരം പഞ്ചായത്ത് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് കമ്മിഷൻ കണ്ടെത്തി. കുഴൽക്കിണറും മോട്ടോറും സ്ഥാപിച്ചത് ജില്ലാ പഞ്ചായത്താണ്. ഇത് തകരാറായപ്പോൾ ബി. രാഘവൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ചാണ് നന്നാക്കിയത്.

പരാതിക്കാരന് കുടിവെള്ള കണക്ഷൻ അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.