photo
റോഡിൽ വെള്ളക്കെട്ടിനെ തുടർന്ന് കൊട്ടാരക്കര വല്ലത്ത് ബി.ജെ.പിയുടെ പ്രതിഷേധം

കൊട്ടാരക്കര: കാെട്ടാരക്കരയിലെ റിംഗ് റോഡ് നിർമ്മാണം പാതിവഴിയിൽ നിലച്ചു. വല്ലത്ത് റോഡ് നിറയെ കുണ്ടും കുഴിയും വെള്ളക്കെട്ടും. യാത്രാ ദുരിതത്തിന് അറുതിയില്ലാതെ വന്നതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കൊട്ടാരക്കര പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാക്കാനെന്ന നിലയിലാണ് റിംഗ് റോഡ് എന്ന ആശയം ഉദിച്ചത്. നെടുവത്തൂർ താമരശേരി ജംഗ്ഷനിൽ നിന്നും തുടങ്ങി വല്ലം, അവണൂർ, ആലഞ്ചേരി, മൈലം വഴി എം.സി റോഡിലും അവിടെ നിന്നും കിഴക്കേ തെരുവിൽ ദേശീയ പാതയിലെത്തുന്ന വിധമാണ് റിംഗ് റോഡിന്റെ ആദ്യഘട്ടം വിഭാവനം ചെയ്തതും 2018ൽ മന്ത്രി ജി.സുധാകരൻ നിർമ്മാണ ഉദ്ഘാടനം നടത്തിയതും. ഇതിന്റെ നല്ലൊരു പങ്ക് നെടുവത്തൂർ പഞ്ചായത്തിലെ വല്ലം പ്രദേശത്താണ്. വല്ലം ക്ഷേത്ര ജംഗ്ഷൻ മുതൽ അവണൂർ വരെയുള്ള ഭാഗം തീർത്തും ടാറിംഗ് ഇളക്കി പുനർ നിർമ്മാണത്തിന് തുടക്കമിട്ടിരുന്നു. നിർമ്മാണം പലവിധ തടസങ്ങളുണ്ടായി നിലച്ചതോടെ വല്ലം പ്രദേശത്തുകാരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്. റോഡിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഇനിയും ഈ സ്ഥിതി തുടർന്നാൽ വലിയ സമര പരിപാടികളുമായെത്താനാണ് പൊതു തീരുമാനം.

ബി.ജെ.പി വാഴ നട്ട് പ്രതിഷേധിച്ചു

വല്ലം റോഡ് വെള്ളക്കെട്ടായി മാറിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി സമരവുമായി രംഗത്തെത്തി. വല്ലം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വാഴ നട്ടുകൊണ്ടായിരുന്നു ആദ്യ പ്രതിഷേധം. പ്രതിഷേധ യോഗം മണ്ഡലം വൈസ് പ്രസിഡന്റ് ചാലൂക്കോണം അജിത് കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വല്ലം വിഷ്ണു, ബിജെപി വാർഡ് പ്രഡിഡന്റ് ഗിരീഷ്കുമാർ, അജിത് കുമാർ, സതീശൻ, പ്രശാന്ത്, പ്രേകുമാർ, അനിൽകുമാർ, ശ്രീകുമാർ, തുളസിധരൻ പിള്ള എന്നിവർ നേതൃത്വം നൽകി.

റിംഗ് റോഡിന്റെ നിർമ്മാണം നിലച്ചത് വല്ലം പ്രദേശത്തുകാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയാണ് വിലക്കിയത്. ഓട്ടോകൾ ഓട്ടം വിളിച്ചാൽ വരാൻ മടിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ മിക്കപ്പോഴും അപകടത്തിൽപ്പെടുന്നു. ബസ് സർവ്വീസ് ഇല്ലാത്ത പ്രദേശമാണ്. യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അടിയന്തിര പരിഹാരം ഉണ്ടാകാത്തപക്ഷം സമരപരിപാടികൾ ശക്തമാക്കും.പ്രതിഷേധം തുടരും : വല്ലം വിഷ്ണു(മണ്ഡലം പ്രസിഡന്റ്, യുവമോർച്ച)