mahila-morcha
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും മഹിളാ മോർച്ച നടത്തിയ കൊല്ലം കമ്മീഷണർ ഓഫീസ് മാർച്ചിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

 ജലപീരങ്കിയുമായി പ്രവർത്തകരെ നേരിട്ട് പൊലീസ്

കൊല്ലം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിൽ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് നഗരത്തിൽ വിവിധ സംഘടനകളുടെ സമര വേലിയറ്റം.

മന്ത്രി രാജിവയ്ക്കണമെന്നും ബി.ജെ.പി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പൊലീസ് നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ട് മഹിളാമോർച്ച പ്രവർത്തകരാണ് ആദ്യം നിരത്തിലിറങ്ങിയത്. രാവിലെ പതിനൊന്നോടെ ചിന്നക്കടയിൽ നിന്ന് പ്രകടനമായി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് എത്തിയ പ്രവർത്തകരെ എ.ആർ ക്യാമ്പിന് സമീപം ബാരിക്കേഡുകൾ ഉയർത്തി പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത, ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.

ഉച്ചയോടെ നഗരസഭയുടെ അഴിമതിക്കെതിരെ ബി.ജെ.പി ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം നഗരസഭയിലേക്ക് മാർച്ച് നടത്തി. മാർച്ച് എ.ആർ. ക്യാമ്പിന് സമീപം പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം കൺവനീർ പ്രജിത്ത് ആകാശ്, കോ കൺവിനർ ഹരീഷ് ആർ. അയണി, പ്രശാന്ത് കിളികൊല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി ഫണ്ട് വക മാറ്റത്തിനെതിരെ പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിലേക്കും മാർച്ച് നടത്തി.

തിങ്കളാഴ്ച കമ്മീഷണർ ഓഫീസ് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് വീണ്ടും പ്രവർത്തകർ കമ്മിഷണർ ഓഫീസിലേക്ക് പ്രകടനമായെത്തി. ചിന്നക്കടയിൽ നിന്നാരംഭിച്ച് ബീച്ച് റോഡ് വഴി നീങ്ങിയ പ്രകടനം ബെൻസിഗർ ആശുപത്രിക്ക് സമീപം പൊലീസ് ത‌ടഞ്ഞു. മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ അവിടെയും ജലപീരങ്കി തന്നെ ആയിരുന്നു പൊലീസ് ആയുധം. പിന്നീട് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. പ്രതിഷേധ കൂട്ടായ്മ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, ബി.ജെ.പി ജില്ലാ ട്രഷറർ ശ്രീനാഥ്, മണ്ഡലം പ്രസിഡന്റ് സാംരാജ് തുടങ്ങിയവർ സംസാരിച്ചു. സൂരജ് തിരുമുല്ലവാരം, ദേവദാസ് അമ്മച്ചിവീട്, കൃഷ്ണകുമാർ ആശ്രാം, ഷിബു കടപ്പാക്കട, നിഖിൽ കരുവ, സൂരജ്, ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.