geetha

കൊല്ലം: ചവറ ടൈറ്റാനിയത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത തൃശൂർ അയ്യന്തോൾ ശ്രേയസിൽ ഗീതാറാണി എന്ന ഗീതാ രാജഗോപാൽ (63) തട്ടിപ്പിന്റെ മഹാറാണി. സംസ്ഥാനത്ത് എല്ലാജില്ലകളിലും എണ്ണിയാലൊടുങ്ങാത്ത ജോലി വാഗ്ദാന തട്ടിപ്പ് കേസുകളിൽ പ്രതിയായ തിരുവനന്തപുരം തിരുമല ശ്രീരാഗത്തിൽ പരേതനായ രാജഗോപാലിന്റെ ഭാര്യ ഗീതാറാണിയാണ് ഗീതാരാജഗോപാലെന്ന പേരിൽ പുതിയ തട്ടിപ്പിന് കളമൊരുക്കി പൊലീസിന്റെ പിടിയിലായത്.

വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ് ഗീതാറാണിയുടെ തട്ടിപ്പ്. റെയിൽവേയിലും ബാങ്കുകളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പുകളുടെ തുടക്കം. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും കഴിഞ്ഞ പത്തുവർഷത്തിനകം ഗീതാറാണിക്കെതിരെ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. പല കേസുകളും വിചാരണയിലാണ്. സൈന്യത്തിലും റെയിൽവേയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു മുമ്പും ഗീതാറാണിയുടെ തട്ടിപ്പ്. പൊതുപ്രവർത്തകരെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും കൂട്ടുപിടിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ആകർ‌ഷകമായ കമ്മിഷൻ വാഗ്ദാനം ചെയ്ത് നേതാക്കളെയാണ് തട്ടിപ്പിനായി ഉദ്യോഗാ‌ർത്ഥികളെ റിക്രൂട്ട് ചെയ്യാൻ നിയോഗിക്കുന്നത്.

ചവറയിലെ തട്ടിപ്പിൽ പൊലീസ് പിടിയിലായ ചവറ പയ്യലക്കാവ് മാണുവേലിൽ കോട്ടയ്ക്കകം സദാനന്ദനും (55) ഗീതാറാണിയുടെ കൂട്ടാളിയായത് ഇങ്ങനെയാണ്. തൊഴിലില്ലാപ്പടയുടെ എണ്ണം പെരുകിയ കേരളത്തിൽ മത്സരപരീക്ഷയെഴുതി ജോലി സമ്പാദിക്കുക ദുഷ്കരമായിരിക്കെയാണ് ഗീതാറാണിയുടെ പ്രലോഭനങ്ങൾ ഉദ്യോഗാർത്ഥികളെ മയക്കിവീഴ്ത്തുന്നത്.

ഒറിജിനലിനെ വെല്ലും ലെറ്റർ പാ‌ഡുകൾ

പൊതുമേഖലാ സ്ഥാപനങ്ങളുടെയും റെയിൽവേയുടെയും ഒറിജിനലിനെ വെല്ലുന്ന ലെറ്റർ പാഡുകളും സീലുകളും ബോർഡ് വച്ച ആഡംബര വാഹനങ്ങളുമൊക്കെയായി ഉദ്യോഗാർത്ഥികളുടെ മനസിൽ കയറികൂടുന്ന ഗീതാറാണി തന്റെ വാക് സാമർത്ഥ്യത്തിലൂടെയും കൂട്ടാളികളുടെ ഒത്താശയോടെയുമാണ് ഇരകളെ കുരുക്കിലാക്കുന്നത്. ടൈറ്റാനിയത്തിൽ മുമ്പ് പരീക്ഷകളിൽ പങ്കെടുത്ത് പരാജയപ്പെട്ടവരാണ് സ്വപ്നം കണ്ട ജോലി നേടിയെടുക്കാമെന്ന വ്യാമോഹവുമായി ഗീതാറാണിയുടെയും സദാനന്ദന്റെയും തട്ടിപ്പുകളിൽപ്പെട്ടത്. മൂന്നുമാസത്തിനകം ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സദാനന്ദന്റെ ബന്ധുവിന്റെയും നാട്ടുകാരായ നിരവധി പേരുടെയും പണം പിടുങ്ങിയ ഗീതാ റാണി അവർക്കെല്ലാം നിയമന ഉത്തരവും നൽകി. യഥാർത്ഥ ഉത്തരവ് തപാലിൽ വരുമ്പോൾ ജോലിക്ക് ചേ‌ർന്നാൽ മതിയെന്ന് പറഞ്ഞാണ് പണം തട്ടിയത്. ഇതിനു പുറമേ മിലിട്ടറി ജോലി തട്ടിപ്പിലും ഇവ‌ർ ഉദ്യോഗാ‌ർത്ഥികളെ കുടുക്കിയിട്ടുണ്ട്. ഇവരുടെ മിലിട്ടറി ജോലി തട്ടിപ്പിൽപ്പെട്ട പത്തിലധികം യുവാക്കൾ ബംഗളൂരുവിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

പരാതി പ്രവാഹം

സാമൂഹ്യപ്രവർത്തനത്തിന്റെയും ചാരിറ്റി പ്രവർത്തനങ്ങളുടെയും പേരിൽ വിലസിയിരുന്ന സദാനന്ദനും സ്ഥിരം തട്ടിപ്പുകാരിയായ ഗീതയും അറസ്റ്റിലായ വാർത്ത വന്നതോടെ ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് ധാരാളം പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. റെയിൽവേയ്ക്കും ടൈറ്റാനിയത്തിനും പുറമേ മിലിട്ടറി, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തും ഇവർ പണം തട്ടിയെന്ന വിവരമാണ് പുറത്തുവരുന്നത്. ടൈറ്റാനിയം ജോലി തട്ടിപ്പിൽ ചവറ സ്വദേശികളായ രണ്ടുപേരാണ് കഴിഞ്ഞദിവസം പുതിയ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ടൈറ്റാനിയത്തിൽ ഇലക്ട്രോണിക് മെക്കാനിക്കെന്ന തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായ ചവറ മടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഗീതയും സദാനന്ദനും അറസ്റ്റിലായത്.

അറസ്റ്റ് വാർത്ത പുറത്തായതോടെ ചവറയിലും പരിസരപ്രദേശങ്ങളിലുമുള്ള ഏഴുപേർ ടൈറ്റാനിയത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. പലപ്പോഴായി 35 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ഇവരുടെ പരാതി. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷം തട്ടിയെന്ന പരാതിയുമായി എട്ടുപേരും ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് 35ലക്ഷം തട്ടിയെന്ന പരാതിയുമായി ഏഴുപേരും പൊലീസിനെ സമീപിച്ചു. കൊട്ടാരക്കര കേന്ദ്രീകരിച്ച് നടന്ന ഐ.എസ്.ആ‌ർ.ഒ തട്ടിപ്പിൽ സദാനന്ദന് പങ്കില്ലെന്നാണ് പ്രാഥമിക വിവരം. സദാനന്ദനെപ്പോലെ പൊതുപ്രവർത്തകനായ മറ്റൊരാളുടെ ഇടനിലയിലാണ് ഗീത കൊട്ടാരക്കരയിൽ തട്ടിപ്പ് നടത്തിയത്. ഐ.എസ്.ആർ.ഒ തട്ടിപ്പ് കൊട്ടാരക്കര കേന്ദ്രീകരിച്ചായതിനാൽ ഇരകളുടെ പരാതിയിൽ കൊട്ടാരക്കര പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് നിവധി പേരെ കബളിപ്പിച്ച് പണം തട്ടിയ നിരവധി കേസുകളിൽ പ്രതിയാണ് ഗീതാറാണിയെന്ന് പൊലീസ് പറഞ്ഞു. വ്യാജരേഖ ചമച്ച് കെ.എം.എം.എൽ, റെയിൽവേ എന്നിവിടങ്ങളിൽ വിവിധ തസ്തികളിൽ ജോലി വാഗ്ദാനം ചെയ്ത് ഓരോ ഉദ്യോഗാർത്ഥികളിൽനിന്നും ലക്ഷങ്ങളാണ് ഗീതാ റാണിയും സദാനന്ദനും കൈപ്പറ്റിയത്. കൊല്ലത്തിന് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽനിന്നുള്ളവരും വിവിധതരം തട്ടിപ്പുകൾക്കിരയായതായി സൂചനയുണ്ട്. ഒരുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇതുവരെ വ്യക്തമായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുൾപ്പെട്ടിട്ടുളളതായാണ് പൊലീസിന്റെ നിഗമനം. ടൈറ്റാനിയത്തിന് ഭൂമി വിട്ടുകൊടുത്തവരും ജോലിക്ക് അപേക്ഷിച്ച് ഇന്റർവ്യൂവിലും മറ്റും പിന്തള്ളപ്പെട്ടവരുമാണ് ടൈറ്റാനിയം തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗം പേരും. ഉദ്യോഗാർത്ഥികളുടെ പേരും വിവരങ്ങളും ഉപയോഗിച്ച് വ്യാജരേഖകൾ ചമയ്ക്കാൻ ടൈറ്റാനിയത്തിന്റെ ലെറ്റർ ഹെഡിന്റെയും സീലിന്റെയും മാതൃകകൾ ഇവർക്ക് ലഭിച്ചതിന് പിന്നിൽ ഇവിടെ ജോലിചെയ്യുന്ന ആരുടെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ നിയമന ഉത്തരവുകളും സീലുകളും ഇവർക്ക് നിർമ്മിച്ച് നൽകിയവരെയും കണ്ടെത്തേണ്ടതുണ്ട്. തൃശൂർ കുന്നംകുളം കേന്ദ്രീകരിച്ചാണ് ഇവർ‌ വ്യാജ ഉത്തരവുകളും സീലുകളും നിർമ്മിച്ചതെന്ന സൂചനയും പൊലീസിനുണ്ട്.

തട്ടിപ്പ് നടത്തിയ പണം കണ്ടെത്തുകയെന്നതാണ് അന്വേഷണത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യം. തട്ടിപ്പിനിരയായ പലരും നേരിട്ടാണ് പണം ഇടപാടുകൾ നടത്തിയത്. ഈ പണം എവിടെയെങ്കിലും സുരക്ഷിത നിക്ഷേപമായി സ്വരൂപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ ഇവരുടെ ബാങ്ക് അക്കൗണ്ടകളുൾപ്പെടെ നിക്ഷേപങ്ങളുടെ വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾക്കായി ഇരുവരെയും ഉടൻ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു.

ഭർത്താവിനെ പറ്റിച്ച് തുടക്കം
ഗീതാറാണിയുടെ തട്ടിപ്പ് തുടങ്ങുന്നത് 15 വർഷം മുമ്പാണെന്ന് പൊലീസ് പറഞ്ഞു. ചെട്ടികുളങ്ങര സ്വദേശിയായ ഭർത്താവ് രാജഗോപാലിനെ ചെക്ക് കേസിൽപ്പെടുത്തിയാണ് ആദ്യ തട്ടിപ്പ്. ഭർത്താവ് ട്രസ്റ്റ് മെമ്പറായ സ്കൂളിൽ ജോലി വാഗ്ദ്ധാനം നൽകി ഒരു ബന്ധുവിൽ നിന്ന് രണ്ട് ലക്ഷം വാങ്ങുകയും ഉറപ്പിനായി ഭർത്താവിന്റെ പേരിലുള്ള ചെക്ക് നൽകി കേസിൽ പ്രതിയാക്കുകയുമായിരുന്നു. തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് തട്ടിപ്പിന്റെ പുതിയ മേഖലകൾ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി സന്തോഷ് കുമാറുമായി ചേർന്ന് തട്ടിപ്പ് വിപുലമാക്കി. കിട്ടിയ പണമെല്ലാം ധൂർത്തടിക്കുകയും കേസിൽ അകപ്പെടുമ്പോൾ കുറച്ചുപണം തിരികെ നൽകി രക്ഷപ്പെടുകയാണ് പതിവ്.