കൊല്ലം: കൊട്ടാരക്കര തലച്ചിറയിൽ പെട്രോൾ നിറച്ച കന്നാസ് വലിച്ചെറിഞ്ഞ് വീട് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. അക്രമിസംഘം വന്നതെന്ന് കരുതുന്ന ബൊലെറോ കാർ കസ്റ്റഡിയിലെടുത്തു. കാർ ഉടമയെ ചോദ്യം ചെയ്തുവരികയാണ്. തലച്ചിറ കുരുമ്പേ ജംഗ്ഷനിൽ കാരാപ്പള്ളിൽ വീട്ടിൽ രാജുവിന്റെ വീടിന് നേർക്കായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. രാജുവും കുടുംബവും പൂനെയിൽ സ്ഥിര താമസമാണ്. ആളില്ലാത്ത വീട്ടിലേക്കാണ് പെട്രോൾ കന്നാസ് എറിഞ്ഞത്. ശബ്ദംകേട്ട് അയൽ വീട്ടുകാർ ഇറങ്ങി നോക്കിയപ്പോൾ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതും ദുരന്തം ഒഴിവായതും. അപ്പോഴേക്കും അക്രമി സംഘം രക്ഷപെട്ടിരുന്നു. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ബൊലെറോ കാറിലാണ് അക്രമികൾ എത്തിയതെന്ന് വ്യക്തമായത്. എം.സി റോഡ് വഴി ഈ കാർ കടന്നുപോയിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് ഊടുവഴികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയത്. ഇന്നലെ വൈകിട്ടോടെ ബൊലെറോ കാർ കണ്ടെത്തിയെങ്കിലും തനിക്ക് സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് കാർ ഉടമ പറഞ്ഞത്. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

നിമിഷ നേരം വൈകിയെങ്കിൽ.....

കന്നാസ് സഹിതം പെട്രോൾ വീടിന് നേർക്കാണ് അക്രമികൾ എറിഞ്ഞത്. ഇത് വീടിന്റെ സിറ്റൗട്ടിലാണ് വീണത്. തൊട്ടുപിന്നാലെ കത്തിച്ച പന്തം എറിഞ്ഞെങ്കിലും ദിശതെറ്റി ഇത് കാർപോർച്ചിൽ വീണു. കന്നാസിൽ നിന്നും പെട്രോൾ പുറത്തേക്കൊഴുകി തീ പടർന്നിടത്തേക്ക് എത്തുംമുൻപെ അയൽവീട്ടുകാർ കണ്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. അകത്തും സിറ്റൗട്ടിലും തടികൊണ്ട് പാനലിംഗ് നടത്തിയ ആഡംബര വീടായിരുന്നതിനാൽ തീ പടർന്നാൽ വീട് മുഴുവൻ കത്തി നശിച്ചേനെ. വീടിനെപ്പറ്റി കൃത്യമായി അറിവുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് വിലയിരുത്തി. നാലര വർഷം മുൻപാണ് രാജു ഒരു കോടിയോളം രൂപ മുടക്കി വീട് നിർമ്മിച്ചത്. രാജുവും കുടുംബവും പൂനെയിൽ സ്ഥിരതാമസമായതിനാൽ അച്ഛനും അമ്മയും മാത്രമായിരുന്നു പുതിയ വീട്ടിൽ താമസിച്ചിരുന്നത്. ഒരു വർഷം മുൻപ് അച്ഛൻ മരണപ്പെട്ടതോടെ അമ്മ സമീപത്ത് തന്നെയുള്ള അനിയന്റെ വീട്ടിലേക്ക് താമസം മാറ്റി. അതോടെ വീട് ഒഴിഞ്ഞുകിടന്നതാണ്.

പൂനെയിലെ തർക്കമാണോ?

പതിറ്റാണ്ടുകളായി പൂനെയിൽ ബിസിനസ് നടത്തിവരികയാണ് രാജു. ദുബൈയിലും ബിസിനസ് നടത്തുന്നുണ്ട്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ കുടുംബവുമായി ആത്മബന്ധം വളരുകയും അവരുടെ ഭർത്താവിനെയും മക്കളെയും ബിസിനസുകളിൽ പങ്കാളികളാക്കുകയും ചെയ്തതായിട്ടാണ് പൊലീസ് പറയുന്നത്. മക്കളിൽ ഒരാളെ വിദേശത്തെ ബിസിനസ് ഏൽപ്പിച്ചെങ്കിലും ഇയാൾ മറ്റൊരു കമ്പനി തുടങ്ങി ഇവിടെ നിന്നുമുള്ള സാധനങ്ങൾ മാറ്റിയെന്ന് ആക്ഷേപമുണ്ടായിരുന്നു. പൂനെയിൽ തുടങ്ങിയ ലെയ്ത്ത് വർക്ക് കമ്പനിയെച്ചൊല്ലിയും വിഷയങ്ങൾ ഉണ്ടായിരുന്നു. നല്ല സൗഹൃദത്തിലായിരുന്നവർ തമ്മിൽ ഒന്നര മാസമായി കടുത്ത പ്രശ്നങ്ങളിലേക്ക് തിരിയുകയും പൂനെയിൽ പൊലീസ് കേസുണ്ടാവുകയും ചെയ്തു. തനിയ്ക്ക് വധഭീഷണി ഉൾപ്പടെ ഉള്ളതായി രാജു പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമാണോ വീട് കത്തിയ്ക്കാൻ ശ്രമം ഉണ്ടായതെന്നാണ് ഇപ്പോൾ പൊലീസ് സംശയിക്കുന്നത്. പൂനെ വിഷയങ്ങളും കൊട്ടാരക്കര പൊലീസ് അന്വേഷിക്കുന്നുണ്ട്.