ബേബിജോണിന്റെ രാഷ്ട്രീയമാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് ചവറയിലെ ജനങ്ങൾ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. കരിമണലിൽ ചവിട്ടിനിന്ന് കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ ശേഷിയുള്ള അതികായനായിരുന്നു കേരള കിസിഞ്ചർ ബേബിജോൺ.
കേരള രാഷ്ട്രീയത്തിൽ ചവറയ്‌ക്ക് ഇടം നൽകിയ ബേബിജോൺ ചരിത്രത്തിന്റെ ഭാഗമായെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും സജീവമാണ്. ബേബിജോണിന് ശേഷം ചവറയെ പ്രതിനിധീകരിച്ചവരെല്ലാം കരിമണലിന്റെ രാഷ്ട്രീയത്തിലൂടെ നടന്നവരാണ്. എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ മുതൽ അന്തരിച്ച എൻ. വിജയൻപിള്ള വരെ ബേബിജോണിന്റെ കരുതലറിഞ്ഞെത്തിയവരാണ്.
ഇത്തവണയും തിരഞ്ഞെടുപ്പ് ആവേശം പൂർണതയിലേക്കെത്തുമ്പോൾ ചർച്ചകൾ ബേബിജോണിന്റെ ചുറ്റുവട്ടങ്ങളിലേക്കെത്തും. നീണ്ടകര വേട്ടുതറയ്ക്ക് സമീപത്തെ ബേബിജോൺ സ്‌മൃതി മണ്ഡപത്തിൽ ആർ.എസ്.പി പ്രവർത്തകർ ഒത്തുകൂടി തുടങ്ങി. പരിസരമൊക്കെ വൃത്തിയാക്കി. ഇനി ഇവിടം രാഷ്ട്രീയ ചർച്ചകൾക്ക് വേദിയാകും. ഷിബു ബേബിജോണിനെ സ്ഥാനാർത്ഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീരുമാനം വരുന്നത് കാത്തിരിക്കാനാണ് സി.പി.എം, ബി.ജെപി ക്യാമ്പുകളുടെ തീരുമാനം. പക്ഷേ, തിരഞ്ഞെടുപ്പ് ആവേശത്തേക്കാൾ കൂടുതൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് മണ്ഡലത്തിലിപ്പോൾ ചർച്ചയാകുന്നത്.
സ്വർണക്കടത്ത്, ജലീലിന്റെ രാജി, ലൈഫ് മിഷൻ കമ്മിഷൻ എന്നിവ ഉയർത്തി യു.ഡി.എഫ് ക്യാമ്പുകൾ പ്രതിഷേധത്തിലാണ്. ചവറയിൽ മന്ത്രി ജലീലിനെ കരിങ്കൊടി കാട്ടാൻ യൂത്ത് കോൺഗ്രസും യുവമോർച്ചയും കാത്തുനിന്നു. എന്നാൽ സർക്കാർ വിരുദ്ധ പ്രചാരണങ്ങളെയെല്ലാം പ്രതിരോധിക്കാൻ വികസന നേട്ടങ്ങൾ നിരത്തി ബ്രാഞ്ച് തലങ്ങളിൽ വരെ വിപുലമായ മുന്നൊരുക്കങ്ങൾ നടത്തുകയാണ് സി.പി.എം.