പത്തനാപുരം: കറിവേപ്പില മുതൽ രാമച്ചം വരെയുണ്ട് പിറവന്തൂർ വാഴത്തോപ്പ് സുരാജ് വില്ലയിൽ രാജന്റെ കൃഷിയിടത്തിൽ. 78കാരനായ രാജന് കൃഷിയെന്നാൽ ജീവനാണ്. പ്രായം നോക്കാതെ രാജൻ തന്നെയാണ് കൃഷിക്കാര്യങ്ങളെല്ലാം നോക്കുന്നത്. സഹായത്തിന് ഒരാളെപ്പോലും നിർത്തിയിട്ടില്ല. വർഷങ്ങളോളം പ്രവാസിയായിരുന്ന രാജൻ നാട്ടിൽ തിരികെയെത്തി കൃഷിയിലേയ്ക്ക് തിരിയുകയായിരുന്നു. ഒരേക്കറോളം വരുന്ന കൃഷിയിടത്തിൽ 50ൽ പരം വിളകളുണ്ട്. ജൈവവളമാണ് കൃഷിയിടത്തിന് ഉണർവേകുന്നത്.
കൃഷിയിടം നിറയെ
തക്കാളി,പയർ,പച്ചമുളക്, വഴുതന, പാവൽ,വെണ്ട, ഇഞ്ചി, മഞ്ഞൾ,ചേന, ചേമ്പ്,കാച്ചിൽ,മരച്ചീനി എന്നിവ കൂടാതെ വിവിധ ഇനം വാഴകൾ, മാവ്,റംമ്പൂട്ടൻ,ഫാഷൻ ഫ്രൂട്ട്, മുള്ളാത്ത,ചാമ്പ,സപ്പോട്ട,ഓമ,മാതളം,വിവിധ തരം നെല്ലി.പ്ലാവ്,പറങ്കിമാവ്,തെങ്ങ് തുടങ്ങി രാമച്ചം,വേപ്പ്,ഞവര ,കരിനെച്ചി,തുളസി, മഞ്ഞൾ, ജാതി,ഞരമ്പ് ഇല തുടങ്ങി വിവിധ ഇനം ഔഷധചെടികളും രാജന്റെ കൃഷിയിടത്തിൽ ഉണ്ട്. തേൻ കൃഷിയിലും വരുമാനം കണ്ടെത്തുന്നു.പശു, ആട്. കോഴി.മത്സ്യം എന്നിവ വളർത്തുന്നതിനും രാജന് പദ്ധതിയുണ്ട്.
കൃഷിമാത്രമല്ല
പിറവന്തൂർ രാജന് കൃഷിയിൽ മാത്രമല്ല അൽപം സാമൂഹിക സാംസ്കാരിക കാര്യങ്ങളിലും താത്പര്യമുണ്ട്. നിലവിൽ ഗുരുധർമ്മ പ്രചരണ സഭകൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ ചെയർമാൻ, ഗാന്ധിഭവൻ ഫാമിലി ക്ലബ് ജനറൽ സെക്രട്ടറി, കേരള കർഷകസംഘം വില്ലേജ് സെക്രട്ടറി, കൃഷിഭവൻ വികസന സമിതി അംഗം, പുത്തൻകട റബർ ഉത്പാദക സംഘം വൈസ് പ്രസിഡന്റ്, കർഷക സംഘം പത്തനാപുരം ഏരിയ എക്സിക്യൂട്ടീവ് അംഗം എന്നീ ചുമതലകളിൽ പ്രവർത്തിച്ച് വരുന്നു. ക്യഷിയിൽ കൃഷി വകുപ്പിന്റെയും വിവിധ സംഘടനകളുടെയും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്..വീട്ടമ്മയായ ചന്ദ്രികയാണ് രാജന്റെ ഭാര്യ. വിദേശത്ത് കമ്പനിയിൽ ജോലി നോക്കുന്ന സുരാജ് മകനാണ്. കൊവിഡ് വ്യാപനത്തിലും വീട്ടിൽ വെറുതെ ഇരിക്കാതെ തന്റെ കൃഷിഭൂമിയിൽ പൊന്ന് വിളയിക്കുന്ന തിരക്കിലാണ് പിറവന്തൂർ രാജൻ.