കൊല്ലം: പക്ഷികൾക്ക് ആകാശച്ചാലു പോലെയാണ് ഉമ്മൻചാണ്ടിക്ക് ജനക്കൂട്ടമെന്ന് പലപ്പോഴും തോന്നാറുണ്ട്. ആൾക്കൂട്ടത്തിലൂടെ ഒരൊഴുക്കാണ്. കേവലം സഞ്ചാരമല്ല, ഓരോരുത്തരുടെയും പ്രശ്നങ്ങൾ തൊട്ടറിഞ്ഞുള്ള യാത്ര. അതിന്റെ മൂർത്തവും ഉദാത്തവുമായ രൂപമായിരുന്നു ഓരോ ജനസമ്പർക്ക പരിപാടികളും. അദ്ദേഹത്തോടൊപ്പമുള്ള ഓരോ അനുഭവവും പുതിയ പാഠങ്ങളാണ്. ചിലത് നിത്യവിസ്മയങ്ങളും.

ഒരനുഭവം പറയാം. ആലപ്പുഴ ജില്ലയിലെ അന്നത്തെ ബഹുജന സമ്പർക്ക പരിപാടി. രാവിലെ 9.30ന് തുടങ്ങേണ്ട പരിപാടിക്ക് 8.30ന് തന്നെ അദ്ദേഹം ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി ഉദ്യോഗസ്ഥന്മാരുമായും ജനപ്രതിനിധികളുമായും ചെറിയൊരു കൂടിക്കാഴ്ച. ജനത്തിന് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിൽ ക്രമീകരണങ്ങളെല്ലാം നടന്നുവോയെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. കൃത്യം ഒമ്പതിന് ജനസമ്പർക്ക പരിപാടി നടക്കുന്ന വേദയിലെത്തി. ആളുകളിൽ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിക്കാൻ തുടങ്ങി. ആലപ്പുഴയിൽ നിന്നുള്ള യു.ഡി.എഫിന്റെ എം.എൽ.എമാരായ രമേശ് ചെന്നിത്തലയും ചെങ്ങന്നൂർ എം.എൽ.എ എന്ന നിലയിൽ ഞാനും അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്നു. എൽ.ഡി.എഫ് എം.എൽ.എമാർ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. മണിക്കൂറുകൾ കഴിഞ്ഞും അദ്ദേഹം ഒരേനിൽപ്പിൽ പരാതികൾ കേട്ട് പരിഹാരം നിർദ്ദേശിക്കുകയായിരുന്നു. രാത്രി 12 മണിയായപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു, ഇനിയുള്ള ആളുകളിൽ നിന്ന് ഒരുമിച്ച് പരാതികൾ സ്വീകരിച്ച്, പരിശോധിച്ച് അതിന്റെ വിവരം അവരെ അറിയിച്ചാൽ പോരേ?, അർദ്ധരാത്രിയായി. ഉച്ചഭക്ഷണം പോലും കഴിച്ചിട്ടില്ല. ഇടയ്ക്ക് കുടിക്കുന്ന വെള്ളം മാത്രം. നിന്നുകൊണ്ടാണ് മിക്ക സമയവും പരാതികൾ സ്വീകരിക്കുന്നത്. ഇടയ്ക്ക് എപ്പോഴെങ്കിലും ഒന്ന് ഇരുന്നാലായി. അതിനാലാണ് അത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല. തന്നെ കാണാനെത്തിയ അവസാനത്തെ ആളെയും കണ്ടിട്ടേ മടങ്ങൂ എന്ന ദൃഢനിശ്ചയമായിരുന്നു ഉമ്മൻചാണ്ടിയുടേത്. കൂടെ നിന്ന എല്ലാവരും ക്ഷീണിച്ചിരുന്നു. ആ പന്തലിൽ തന്നെ രണ്ട് ബെഞ്ച് അടുപ്പിച്ചിട്ട് അരമണിക്കൂറോളം ഞാൻ അവിടെ കിടന്നുറങ്ങി. ഉണർന്ന് എഴുന്നേറ്റപ്പോഴും അദ്ദേഹം പരാതി കേൾക്കുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്കാണ് ജനസമ്പർക്ക പരിപാടി അവസാനിച്ചത്. തുടർന്ന് ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി. രണ്ടാം ദിവസമെത്തിയപ്പോഴാണ് ആദ്യമായി ഭക്ഷണം കഴിക്കാൻ ഇരുന്നത് എന്നോർക്കണം. കുറച്ച് കഞ്ഞിയും പയറും കഴിച്ചു. ഞങ്ങൾ പറഞ്ഞു. ഇനി സാറ് ഒരല്പം വിശ്രമിച്ചോളൂ. ഞങ്ങൾ കാത്തുനിൽക്കാം എന്ന് നിർദ്ദേശിച്ചു. എന്നാൽ, അപ്പോൾ തന്നെ ബാത്ത് റൂമിലേക്ക് കയറി ഒന്ന് ഫ്രഷായി വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങുകയാണ്. എറണാകുളത്ത് രാവിലെ പരിപാടിയുണ്ട്. എട്ടുമണിക്ക്. കിടന്നാൽ വൈകും. അതിനായി തിരിച്ചു.

14 ജില്ലയിലെയും ജനസമ്പർക്ക പരിപാടി പൂർത്തിയായ ശേഷം, ഇത്തരത്തിൽ സർക്കാർ സംവിധാനത്തിലെ ചുവപ്പ് നാട പരിഹരിക്കാനുള്ള 44 ഉത്തരവുകളാണ് അദ്ദേഹം പുറത്തിറക്കിയത്. ഒരാൾക്കെങ്കിലും സാന്ത്വനത്തിന്റെ കരതലം നീട്ടിയാൽ നമുക്ക് ലഭിക്കുന്ന ആശ്വാസമുണ്ടല്ലോ; അത്തരം അനേകായിരം ആശ്വാസം ആത്മവിശ്വാസമായി ഒരു മനുഷ്യന് ചലനോർജമാകുന്ന കാഴ്ചയാണ് അന്ന് കേരളം കണ്ടത്; ഇപ്പോഴും കാണുന്നത്. കേരള രാഷ്ട്രീയത്തിലെ വിസ്മയത്തിന് ആയുരാരോഗ്യ സൗഖ്യം നേരാം.