photo

കൊല്ലം: കല്ലടയാറ്റിൽ പുനലൂർ പേപ്പർ മില്ലിന് സമീപത്തെ തടയണയുടെ ഉയരം വർദ്ധിപ്പിക്കാനുള്ള തീരുമാനം നടപ്പായില്ല. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമത്തിനും ഇത് കാരണമാകും. ബ്രിട്ടീഷ് ഭരണ കാലത്താണ് കല്ലടയാറിന് മദ്ധ്യേ കരിങ്കൽ കെട്ടി തടയണ നിർമ്മിച്ചത്. ഇതിന് വേണ്ടത്ര ഉയരമില്ലാത്തതിനാൽ കാലവർഷത്തിൽ കല്ലടയാറിലെ വെള്ളം വേണ്ടത്ര തടഞ്ഞു നിർത്താൻ കഴിയില്ല. പുനലൂർ നഗരസഭാ പ്രദേശങ്ങളിൽ വേനൽക്കാലത്ത് രൂക്ഷമായ കുടിവെളള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കല്ലടയാറ്റിലെ ജലനിരപ്പ് താഴുന്നതോടെ വാട്ടർ അതോറിട്ടിയുടെ പമ്പിംഗ് മുടങ്ങുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്യും. താത്കാലിക പരിഹാരമായി വേനലിൽ നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് മണൽചാക്കുകൾ അടുക്കി ഉയരം വർദ്ധിപ്പിച്ച് വെള്ളം തടഞ്ഞു നിർത്തും. കാലവർഷം ആരംഭിക്കുന്നതോടെ മഴവെള്ളപ്പാച്ചിലിൽ മൺചാക്കുകൾ ഒലിച്ച് പോകും.

പദ്ധതി എങ്ങോട്ട് പോയി?

തടയണ പുനരുദ്ധരിക്കുന്നതിനും ഉയരം കൂട്ടുന്നതിനുമായി രണ്ട് കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി കെ.രാജു പുനലൂരിലെ പൊതുചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് 70.5 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതിന് ഭരണാനുമതി ആയിട്ട് പത്ത് മാസം പിന്നിടുന്നു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

110 വർഷത്തിലധികം പഴക്കമുള്ള തടയണ പുനലൂർ പേപ്പർ മില്ലിലേക്ക് വെള്ളമെടുക്കാൻ നിർമ്മിച്ചതാണ്. 56 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയും മൂന്നര മീറ്റർ ഉയരവുമുണ്ട്. കരിങ്കല്ല് കൊണ്ട് സിമന്റ് ഉപയോഗിക്കാതെയാണ് നിർമ്മിതി. മനോഹരമായി കൊത്തിയെടുത്ത കല്ലുകൾ അടുക്കി അവയിൽ ദ്വാരമുണ്ടാക്കി ഈയം ഉരുക്കിയൊഴിച്ചാണ് ഉറപ്പിച്ചത്. 1992ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 60 സെന്റീമീറ്റർ വരുന്ന രണ്ടുവരി കല്ലുകൾ ഒലിച്ചുപോയി. അതോടെ ഉയരം കുറഞ്ഞു. ഇനി കോൺക്രീറ്റ് ചെയ്ത് 75 സെന്റീമീറ്റർ കൂടി ഉയരം കൂട്ടാനാണ് തീരുമാനമെടുത്തത്. എന്നാൽ, പദ്ധതി നടപ്പാക്കുന്നകാര്യത്തിൽ പിന്നീട് പുരോഗതിയുണ്ടായില്ല.

അടുത്ത വേനലിലും രൂക്ഷമായ ജല ക്ഷാമം

തടയണയുടെ ഉയരം വർദ്ധിപ്പിച്ചില്ലെങ്കിൽ അടുത്ത വേനലിലും രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടേണ്ടിവരുമെന്നാണ് നഗരവാസികൾ പറയുന്നത്. കനത്ത വേനലിൽ കല്ലടയാറ്റിൽ വാട്ടർ അതോറിട്ടി സ്ഥാപിച്ചിട്ടുളള കൂറ്റൻ കിണറുകൾ വെള്ളം കുറഞ്ഞ് തെളിയുന്നതോടെയാണ് പമ്പിംഗ് നിലയ്ക്കുന്നത്.കല്ലടയാറ്റിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളം പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കൂറ്റൻ ടാങ്കിൽ ശേഖരിച്ച ശേഷമാണ് പ്രദേശത്തെ 35 വാർഡുകളിലും ശുദ്ധജലം വിതരണം ചെയ്യുന്നത്.

വേനലിൽ രണ്ട് മാസത്തോളം ഇടവിട്ട ദിവസങ്ങളിൽ നഗരസഭാ പ്രദേശങ്ങളിലെ ജുദ്ധജല വിതരണം വർഷങ്ങളായി മുടങ്ങുകയാണ്.ഇത് കാരണം പുനലൂർ ഗവ. താലൂക്ക് ആശുപത്രിയടക്കമുളള സ്ഥാപനങ്ങളും താമസക്കാരും ഏറെ നാളായി ദുരിതമനുഭവിച്ച് വരികയാണ്.