കൊട്ടിയം: റോഡരികിലെ കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ കത്തിനശിച്ചു. പഴയാറ്റിൻകുഴി- ചകിരിക്കട റോഡിൽ ലത്തീഫ് ടീ ഷോപ്പ് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പട്ടാണിതങ്ങൾ നഗർ 13 പട്ടാണിയഴികത്ത് ഷിബുവിന്റെ ഓട്ടോറിക്ഷയാണ് പൂർണമായും കത്തിനശിച്ചത്.
തീയും പുകയും ഉയരുന്നത് കണ്ട് കടയ്ക്ക് മുകളിലെ ഫ്ലാറ്റിൽ താമസിക്കുന്നവരാണ് പരിസരവാസികളെ വിവരമറിയിക്കുകയും തീയണയ്ക്കാൻ നേതൃത്വം നൽകുകയും ചെയ്തത്. ഇരവിപുരം പൊലീസും ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. പരിസര പ്രദേശങ്ങളിലെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടയ്ക്ക് താഴെ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുറച്ച് ദൂരം മുന്നോട്ട് മാറിയ നിലയിലാണ് കാണപ്പെട്ടത്. ഇതിനാൽ ഓട്ടോറിക്ഷയ്ക്ക് ആരോ തീവച്ചതാണെന്ന സംശയമുണ്ട്. സമീപത്തെ എസ്.എച്ച് ടൂൾസ് എന്ന സ്ഥാപനത്തിലെ ഒരു അറവന വണ്ടിക്കും കേബിൾ ടി.വി ഏജൻസിയുടെ കേബിളിനും ഓട്ടോറിക്ഷയിൽ നിന്ന് തീപടർന്നു.
കാൻസർ ബാധിതനായ ഷിബുവിന്റെ ഏക വരുമാനമാർഗമായിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീൻ ആവശ്യപ്പെട്ടു.