paravur-sajeeb
തകർത്തു പെയ്യുന്ന മഴയിൽ പൂതക്കുളം വടക്കേഏല വെള്ളത്തിൽമുങ്ങി

പരവൂർ : ശക്തമായ മഴയിൽ പൂതക്കുളം പഞ്ചായത്തിലെ വടക്കേ ഏലായിൽ വെള്ളം കയറി വ്യാപകകൃഷിനാശം. നിരവധി കർഷകരാണ് ഏലായിൽ നെൽകൃഷി ചെയ്തിരുന്നത്. പാകമായ നെല്ല് കൊയ്തെടുക്കാൻ കഴിയാത്തതു മൂലവും വെള്ളത്തിൽ വൈക്കോൽ അഴുകി നശിച്ചതിനാലും കർഷകർക്ക് ഇരട്ടി നഷ്ടമാണ് സംഭവിച്ചത്. അടുത്ത കൃഷിക്കായി പാകിയിരുന്ന ഞാറുകൾ മുഴുവൻ വെള്ളത്തിൽ മുങ്ങിപ്പോയി. ഞാറ്റടിയിൽ പാകിയിരുന്ന മൂപ്പെത്തിയ ഞാറുകളാണ് വെള്ളം കയറി നശിച്ചത്. കർഷകർ ഏലായുടെ വശങ്ങളിൽ നട്ടിരുന്ന വാഴയുൾപ്പെടെയുള്ള കാർഷിക വിളകളും മഴയിൽ നശിച്ചു. കനത്ത മഴയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ഐ.എൻ.ടി.യു.സി പൂതക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി പൂതക്കുളം പ്രസിഡന്റ് കെ. സുനിൽകുമാർ, ആർ. രതീഷ്‌, നൗഷാദ്, നിശാന്ത്, രാജു എന്നിവർ പങ്കെടുത്തു.