palam
പണികൾ പൂർത്തിയാകുന്ന വാളിയോട് തന്നേറ്റ് പാലം

ഓയൂർ : പതിറ്റാണ്ട് കഴിഞ്ഞിട്ടും പണികൾ പൂർത്തിയാവാതെ കിടന്ന ഇളമാട്-വെളിയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാളിയോട് തണ്ണേറ്റ് പാലം യാഥാർത്ഥ്യമാകുന്നു. പാലം പണിയും അപ്രോച്ച് റോഡും പൂർത്തിയാകുന്നതോടെ പ്രദേശ വാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പാണ് സഫലമാകുന്നത്. വാളിയോട് തണ്ണേറ്റ് പാലത്തിന്റെ അവസ്ഥയെക്കുറിച്ച് പലവട്ടം കേരളകൗമുദി വാർത്തയാക്കിയിരുന്നു.

റോഡ് സഞ്ചാര യോഗ്യമാകുന്നതോടെ പുരമ്പിൽ ,വാളിയോട് ,ഈട്ടിക്ക്,പുരമ്പിൽ മേഖലയിലുള്ളവർക്ക് വെളിയം, ഓടനാവട്ടം, കൊട്ടാരക്കര, അമ്പലംകുന്ന്, ഇളമാട്, ആയൂർ പ്രദേശങ്ങളിൽ വളരെ എളുപ്പത്തിൽ എത്താനാവും.

കരാറുകാർ പാതിവഴിയിൽ ഉപേക്ഷിച്ച പാലം

വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് പാലം പണിയാൻ തുക അനുവദിച്ച് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കരാറുകാരൻ പണി തുടങ്ങിവച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസിയായ മംഗലത്ത് വീട്ടിൽ സജീവ് കുമാ‌ർ (പരേതനായി ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓംബുഡ്സ് മാൻ നൽകിയ ഉത്തരവ് പ്രകാരം 2013ൽ വീണ്ടും ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപ അനുവദിച്ചു. തുടർന്ന് പാലം പണിയുടെ നിർമ്മാണോദ്ഘാടനം ഇരുകരകളിലും ആഘോഷമായി നടത്തുകയും ഉടൻ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.എന്നാൽ രണ്ടു കോൺഗ്രീറ്റ് ഭിത്തികളിൽ താങ്ങി നിൽക്കുന്ന ഒരു പാലം നിർമ്മിച്ചിട്ട് അപ്രോച്ച് റോ‌ഡ് നിർമ്മിക്കതെ കരാറുകാരൻ വീണ്ടും പണി പാതി വഴിയിലുപേക്ഷിച്ചു.

നാട്ടുകാർക്ക് തുറന്ന് കൊടുക്കും

കരാറുകാരുടെ അനാസ്ഥ മൂലം പണി പുരോഗമിക്കാതിരുന്നത് ഏറെ വിവാദങ്ങൾക്കിടവരുത്തിയിരുന്നു പിന്നീട് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ജഗദമ്മ ടീച്ചർ മുൻ കൈയെടുത്ത് വീണ്ടും ഫണ്ട് അനുവദിച്ചാണ് പാലം പണി പൂർത്തീകരിച്ചത്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഉടൻ പാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.