കൊല്ലം: സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പൊലീസിന്റെ ഗ്രനേഡ് പ്രയോഗം.
ഇന്നലെ ഉച്ചയോടെ ആശ്രാമം ലിങ്ക് റോഡ് പരിസരത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ കളക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ കളക്ടറേറ്റ് കവാടം ഉപരോധിച്ച് നടത്തിയ പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്‌തു.
ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ച ശേഷവും പ്രവർത്തകർ സംഘടിതരായി തിരികെയെത്തി. ഇതോടെ ഒന്നിന് പിറകെ ഒന്നായി മൂന്ന് ഗ്രനേഡുകൾ പ്രവർത്തകർക്ക് നേരെ പൊലീസ് എറിഞ്ഞു. ഇതിൽ രണ്ടെണ്ണം ഉഗ്രശബ്ദത്തോടെ പൊട്ടി. ഗ്രനേഡ് പ്രയോഗത്തിൽ പ്രവർത്തകരിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.വി. സ്നേഹ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേംരാജ്, ജനറൽ സെക്രട്ടറിമാരായ ദിനേശ് ബാബു, ആർ.എസ്. അബിൻ, ഫൈസൽ കുളപ്പാടം, സെക്രട്ടറിമാരായ വിഷ്ണു സുനിൽ പന്തളം, കുരുവിള ജോസഫ്, പി.എസ്. അനുതാജ് തുടങ്ങിയവർ പങ്കെടുത്തു.
എ.ബി.വി.പി മാർച്ചിലും സംഘർഷം
മന്ത്രിയുടെ രാജിതേടി എ.ബി.വി.പിയുടെ നേതൃത്വത്തിൽ കൊല്ലം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചും സംഘർഷത്തിലാണ് അവസാനിച്ചത്. ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞെങ്കിലും ബാരിക്കേഡ് മറികടന്ന് ഓഫീസിനുള്ളിൽ കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. ഇതോടെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.