photo
ടൗണിലെ അനധികൃത വാഹന പാർക്കിംഗ്.

കരുനാഗപ്പള്ളി: അനധികൃത വാഹന പാർക്കിംഗ് കാരണം ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ് കാൽനട യാത്രക്കാർ. ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും അനധികൃത വാഹന പാർക്കിംഗ് പൂർണമായും ഇല്ലാതാക്കുന്നതിനും വേണ്ടി കോടികൾ മുടക്കി ദേശീയപാതയുടെ നവീകരണം നടത്തിയതാണ്. ലാലാജി ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, മിനി സിവിൽ സ്റ്റേഷൻ, ഹെസ്കൂൾ ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, പുതിയകാവ്,ചങ്ങൻകുളങ്ങര, ഓച്ചിറ ബ്ലോക്ക് ഓഫീസ് ജംഗ്ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ദേശീയപാതയുടെ വീതി കൂട്ടി നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പുതിയകാവ്, കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, ലാലാജി ജംഗ്ഷൻ എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചു. ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം ആയെങ്കിലും വാഹനങ്ങളുടെ അനധികൃത പാർക്കിംഗിന് ശമനമില്ല.

റോഡിന്റെ വശങ്ങളിലാണ് പാർക്കിംഗ്

ടൗണിൽ വാഹനങ്ങളുമായി എത്തുന്നവർ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന മുൻ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇതാണ് കാൽനട യാത്രകാരെ വലയ്ക്കുന്നത്. കാൽനട യാത്രക്കാർക്ക് നടന്ന് പോകുന്നതിനായി ദേശീയപാതയുടെ വശങ്ങളിൽ നിർമ്മിച്ച നടപ്പാത കച്ചവടക്കാർ കൈയ്യേറിയതോടെ കാൽനട യാതക്കാർ ഏറെ ബുദ്ധിമുട്ടലിലായി. ഇതോടെ യാത്രക്കാർ ദേശീയപാതയിലൂടെ യാത്ര ചെയ്യാൻ ആരംഭിച്ചു. ഇത് കൂടുതൽ അപകടങ്ങൾക്ക് വഴി തെളിച്ചു.

പാർക്ക് ചെയ്യാൻ ഇടം വേണം

ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തു കൂടി നിർമ്മിച്ച നടപ്പാത അശാസ്ത്രീയമായതിനാൽ യാത്രക്കാർ അത് ഉപയോഗിക്കാറേയില്ല. കരുനാഗപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിർമ്മിച്ചതു പോലെ ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഇടം ഒരുക്കിയാൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകും. അനധികൃത വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് പൊലീസോ നഗരസഭാ അധികൃതരോ നിയമ നടപടികൾ സ്വീകരിക്കാതിരിക്കുന്നതും നിയമം ലംഘിക്കുന്നവർക്ക് തുണയായി. ടൗണിലെ അനധികൃത പാർക്കിംഗ് പൂർണമായും ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.