minister-mani
കൊട്ടിയം സോളാർ നിലയത്തിന്റെ ഉദ്ഘാടനം മന്ത്രി എം.എം. മണി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നു

കൊല്ലം: സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂർത്തിയാക്കുമെന്നും തടസങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ സൗരോർജ പദ്ധതികൾ വ്യാപിപ്പിക്കുമെന്നും മന്ത്രി എം.എം. മണി പറ‌ഞ്ഞു. കൊട്ടിയം സോളാർ നിലയത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയവും ചെറുകിട ജലവൈദ്യുത പദ്ധതികളും സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ സുരക്ഷിതമായ ഭാവിക്ക് പുതിയ ഊർജ്ജോത്പാദന മേഖലകൾ കണ്ടെത്തുകയാണ്. ആദ്യപടിയായി സൗരോർജത്തിലൂടെ ആയിരം മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. പുരപ്പുറങ്ങളും തരിശുനിലങ്ങളും ജലസംഭരണികളും ഉപയോഗപ്പെടുത്തി സൗരോർജ പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ, കെ.എസ്.ഇ.ബി.എൽ ചെയർമാനും ഡയറക്ടറുമായ എൻ.എസ്. പിള്ള, ട്രാൻസ്‌മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ ഡോ. പി. രാജൻ, ചീഫ് എൻജിനീയർ വി.കെ. ജോസഫ്, ഇൻഡിപെൻഡന്റ് ഡയറക്ടർ ഡോ. വി. ശിവദാസൻ എന്നിവർ പങ്കെടുത്തു.

 രണ്ടേക്കറിൽ 3.26 കോടിയുടെ സോളാർ നിലയം

ഐ.പി.ഡി.എസ് പ്രോജക്ടിന്റെ ഭാഗമായാണ് കൊട്ടിയം 110 കെ.വി സബ്‌സ്റ്റേഷൻ പരിസരത്തെ രണ്ടേക്കർ സ്ഥലത്ത് 3.26 കോടി മുടക്കി ഗ്രൗണ്ട് മൗണ്ടഡ് ശൃംഖലാബന്ധിത സോളാർ നിലയം സ്ഥാപിച്ചത്. 600 കിലോ വാട്ടിന്റെ പദ്ധതിയിലൂടെ പ്രതിവർഷം 8.93 ലക്ഷം യൂണിറ്റ് വൈദ്യുതോത്പാദനമാണ് പ്രതീക്ഷിക്കുന്നത്. സബ്‌സ്റ്റേഷൻ പരിസരത്ത് തന്നെ സോളാർ നിലയം പ്രവർത്തിക്കുന്നതിനാൽ സാങ്കേതികമായി പ്രസരണ നഷ്ടം വളരെ കുറവും പരിസ്ഥിതി സൗഹാർദ്ദവുമാണ്.