 
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം  ജല പീരങ്കിയിലും പിരിഞ്ഞ് പോകാത്ത പ്രവർത്തകർക്ക് നേരെ രണ്ട് തവണ പൊലീസ് ഗ്രനേഡ് എറിഞ്ഞു
കൊല്ലം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്‌മെന്റും എൻ.ഐ.എയും ചോദ്യം ചെയ്‌ത മന്ത്രി കെ.ടി. ജലീൽ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് നൂറോളം പ്രവർത്തകർ ചിന്നക്കടയിൽ നിന്ന് പ്രകടനമായി കളക്ടറേറ്റിന്റെ പ്രധന കവാടത്തിലെത്തിയത്. ബാരിക്കേഡുകൾ ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞു. ഇത് മറികടന്ന് കളക്ടറേറ്റിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയേറ്റിട്ടും പ്രവർത്തകർ പിരിഞ്ഞ് പോകാത്തതിനെ തുടർന്നാണ് അപ്രതീക്ഷിതമായി ഗ്രനേഡ് എറിഞ്ഞത്. ജലപീരങ്കി അവസാനിച്ചതിനൊപ്പം പെട്ടന്ന് ഗ്രനേഡ് വന്ന് വീണതോടെ പ്രവർത്തകർ ചിതറിയോടി. കളക്ടറേറ്റിന് മുന്നിൽ നിന്ന് ഓടി മാറാൻ ശ്രമിച്ച പ്രവർത്തകർക്കിടയിലേക്കാണ് രണ്ടാമത്തെ ഗ്രനേഡ് വീണത്.
3 പ്രവർത്തകർക്ക് പരിക്ക്
ഗ്രനേഡ് ഏറിൽ മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു. പിന്നീട് തിരിച്ചെത്തിയ പ്രവർത്തകർ കളക്ടറേറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ലാത്തിക്ക് റെസ്റ്റ്
ലാത്തി ഉപയോഗിക്കാതെ ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചാണ് സമരങ്ങളെ പൊലീസ് തുടർച്ചയായി നേരിടുന്നത്. ബുധനാഴ്ച യൂത്ത് കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് മുന്ന് തവണ ഗ്രനേഡ് എറിഞ്ഞിരുന്നു.