ഓണത്തിന് ശേഷവും പരിശോധനകൾ ശക്തം
കൊല്ലം: ഓണത്തിന് ശേഷം ജില്ലയിൽ വീണ്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. മൊബൈൽ ലാബിന്റെ സഹായത്തോടെ ഓരോ താലൂക്കിലും രണ്ടുദിവസം വീതമാണ് പരിശോധന. സെപ്തംബർ രണ്ടാം വാരത്തിലാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പരിശോധന ആരംഭിച്ചത്. ഇന്നലെയും ഇന്നും ചവറ മണ്ഡലം കേന്ദ്രീകരിച്ചാണ് പരിശോധന.
അടുത്തദിവസം കരുനാഗപ്പള്ളി മണ്ഡലം കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്ക് ശേഷം രണ്ടുദിവസം ആലപ്പുഴ ജില്ലയിലേക്ക് മൊബൈൽ ലാബിന്റെ സേവനം ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിൽ നിന്ന് മടങ്ങിയെത്തിയശേഷം ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന ശക്തമാക്കും. പാൽ, കുടിവെള്ളം, ഭക്ഷ്യ എണ്ണ എന്നിവയുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിക്കുന്നത്. ഹോട്ടലുകളിലും ബേക്കറികളിലും ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ചെങ്കിലും കുറ്റകരമായ യാതൊന്നും കണ്ടെത്താനായില്ല.
കടകളിലും ഹോട്ടലുകളിലും ബിസിനസ് കുറവായതിനാൽ മായം ചേർക്കലിന്റെയും തോത് കുറവാണ്. ജില്ലയിലെ പതിനൊന്ന് ഭക്ഷ്യ സുരക്ഷാ സർക്കിൾ പരിധിയിൽ നടത്തിയ പരിശോധനകളിൽ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും വീഴ്ച കണ്ടെത്തിയ ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ തുടങ്ങി 50 ഓളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
അങ്കണവാടിയിലേക്കുള്ള
ഭക്ഷ്യവസ്തുക്കളും പരിശോധിക്കും
ജില്ലയിലെ അങ്കണവാടികളിൽ കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകൾ കഴിഞ്ഞദിവസങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചു. അരി, പയർ, ചോളം, പോഷകാഹാരപ്പൊടി തുടങ്ങിയവയുടെ സാമ്പിളുകളാണ് ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ചത്. മൊബൈൽ ലാബിൽ സൗകര്യമില്ലാത്തതിനാൽ ഇവ തിരുവനന്തപുരത്തെ ലാബിലാകും പരിശോധിക്കുക.
''
പിടിക്കപ്പെടുന്ന സ്ഥാപനങ്ങൾ പിഴ ഈടാക്കിയശേഷം പോരായ്മകൾ പരിഹരിച്ചാൽ മാത്രമേ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കൂ.
ദിലീപ്, ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ
പരിശോധനാ വിവരങ്ങൾ
ശേഖരിച്ച സാമ്പിളുകൾ: 55
നോട്ടീസ് നൽകിയത്: 50
അങ്കണവാടി ഭക്ഷ്യസാമ്പിൾ: 22