election

 മൂന്ന് പോളിംഗ് സ്റ്റേഷനുകൾ

കൊല്ലം: എസ്.എൻ ട്രസ്റ്റ് കൊല്ലം മേഖലാ തിരഞ്ഞെടുപ്പ് കൊല്ലം നഗരത്തിലെ മൂന്ന് പോളിംഗ് സ്റ്റേഷനുകളിലായി ഇന്ന് നടക്കും. കൊല്ലം എസ്.എൻ കോളേജ്, എസ്.എൻ വനിതാ കോളേജ്, എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളാണ് പോളിംഗ് കേന്ദ്രങ്ങൾ.

രാവിലെ എട്ടിന് പോളിംഗ് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും. കൊവിഡ് മാനദണ്ഡപ്രകാരം സാമൂഹ്യഅകലം പാലിക്കേണ്ടതിനാൽ ഇത്തവണ കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൊല്ലം എസ്.എൻ കോളേജ്- 81, എസ്.എൻ സെൻട്രൽ സ്കൂൾ 60, എസ്.എൻ വനിതാ കോളേജ്- 60 എന്നിങ്ങനെയാണ് പോളിംഗ് ബൂത്തുകളുടെ എണ്ണം. നൂറ് വോട്ടർക്ക് ഒരു ബൂത്ത് വീതമാണ് സജ്ജീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ബൂത്തുകളിൽ തിക്കിനും തിരക്കിനും സാദ്ധ്യതയില്ല. ഒരു സമയം രണ്ട് വോട്ടർമാരെ മാത്രമേ ബൂത്തിനുള്ളിൽ കടത്തിവിടുകയുള്ളു. വോട്ടർമാർ എതെങ്കിലും തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതണം. കൊല്ലം എസ്.എൻ കോളേജിലാണ് വോട്ടെണ്ണൽ. മറ്റ് രണ്ട് കേന്ദ്രങ്ങളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ എസ്.എൻ കോളേജിൽ എത്തിച്ച ശേഷം രാത്രി എട്ടോടെ വോട്ടെണ്ണൽ ആരംഭിക്കും.

കൊല്ലം മേഖലയിൽ നിന്ന് 111 അംഗങ്ങളെയാണ് ബോർഡിലേക്ക് തിരഞ്ഞെടുക്കുന്നത്. വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ഔദ്യോഗിക പാനലിൽ 111 പേർ മത്സരംഗത്തുണ്ട്. എതിർ പാനലിൽ 77 പേരാണുള്ളത്. പത്ത് റീജിയണുകളിലായാണ് ട്രസ്റ്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ എട്ട് റീജിയണുകളിൽ വെള്ളാപ്പള്ളി നടേശന്റെ ഔദ്യോഗിക പാനലിലുള്ളവർ എതിരില്ലാതെ തിര‌ഞ്ഞെടുക്കപ്പെട്ടിരുന്നു. കൊല്ലത്തിന് പുറമേ ചേർത്തല മാത്രമാണ് മത്സരമുള്ള മറ്റൊരു മേഖല. അവിടെ നിന്ന് 45 പേരെയാണ് ട്രസ്റ്റിലേക്ക് തിരഞ്ഞെടുക്കുന്നത്. ഔദ്യോഗിക പാനലിൽ എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളുണ്ട്. എന്നാൽ എതിർ പാനലിൽ നിന്ന് 33 പേർ മാത്രമേ ചേർത്തലയിൽ മത്സരരംഗത്തുള്ളു.

 ക്രമ നമ്പരും പോളിംഗ് കേന്ദ്രവും

 1 മുതൽ 6000 വരെ: കൊല്ലം എസ്.എൻ സെൻട്രൽ സ്കൂൾ

 6001 മുതൽ 10500 വരെ: കൊല്ലം എസ്.എൻ വനിതാ കോളേജ്

 10501 മുതൽ 18579 വരെ: കൊല്ലം എസ്.എൻ കോളേജ്