ബ്രിട്ടൺ: മിണ്ടാൻ ഒരാള് വേണം. 75 കാരൻ ടോണി വില്യംസ് വീടിനുപുറത്ത് ഒരു നോട്ടീസ് ഒട്ടിച്ചു. 'എനിക്ക് ജോയെ നഷ്ടമായി. എന്റെ സ്നേഹനിധിയായ ഭാര്യയും ആത്മസുഹൃത്തുമായിരുന്ന ജോയെ. എനിക്ക് മറ്റ്
സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഇല്ല. മിണ്ടാൻ പോലും ആരുമില്ല. ദിവസത്തിലെ 24 മണിക്കൂറും അപാരമായ ഏകാന്തത അനുഭവിക്കുകയാണ് ഞാൻ. സഹിക്കാൻ കഴിയുന്നില്ല. എന്നെ സഹായിക്കാൻ ആർക്കും കഴിയില്ലേ..?'
ജനാലയിൽ ടോണി വില്യംസ് എന്ന 75കാരൻ കുറിച്ചിരിക്കുന്നത് ഇങ്ങനെ. ദിവസവും അത്രയേറെ വലിയ ഏകാന്തതയാണ് ടോണി അപ്പൂപ്പൻ അനുഭവിക്കുന്നത്. സ്നേഹനിധിയായ ഭാര്യയെ നഷ്ടപ്പെട്ടതു മുതലാണ് അദ്ദേഹം ഒറ്റപ്പെട്ടത്. ബ്രിട്ടനിലെ തന്റെ വലിയ വീടിന്റെ വരാന്തയിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. 'ജോ എന്റെ ആത്മസുഹൃത്ത് ആയിരുന്നു. സ്നേഹം നിറഞ്ഞ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. എന്നാൽ ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ. എന്റെ പ്രിയപ്പെട്ട ഭാര്യ അടുത്തിടെ മരിച്ചു. ഇപ്പോൾ എനിക്ക് ആരുമില്ല.
35 വർഷത്തിനു മുമ്പ് ആരംഭിച്ച സൗഹൃദം പ്രണയത്തിലേക്കും അത് പിന്നീട് വിവാഹത്തിലും എത്തുകയായിരുന്നു. എന്നാൽ, ആ ദാമ്പത്യ ജീവിതത്തിൽ കുട്ടികളുണ്ടായില്ല, പക്ഷേ പരസ്പരമുള്ള തങ്ങളുടെ സ്നേഹത്തിന് കുറവൊന്നും ഇല്ലായിരുന്നെന്ന് ടോണി വില്യംസ് പറയുന്നു. സംസാരിക്കാൻ വേണ്ടി ഒരാൾ വരുന്നതും കാത്താണ് താൻ ഇരിക്കുന്നതെന്നും എന്നാൽ അങ്ങനെയൊരു കാര്യം ഇതുവരെയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വേദനയോടെ പറയുന്നു.
സൂപ്പർ മാർക്കറ്റുകളിൽ പോകുമ്പോൾ കാണുന്ന ആളുകൾക്ക് അദ്ദേഹം വിസിറ്റിംഗ് കാർഡുകൾ നൽകാറുണ്ട്. താൻ ഒറ്റയ്ക്കാണെന്നും തനിക്ക് സംസാരിക്കാൻ സുഹൃത്തുക്കളെ വേണമെന്നും എഴുതിയ കാർഡാണ് വിതരണം ചെയ്തത്. എന്നാൽ, ഫോണിൽ പോലും അദ്ദേഹത്തിന് ഒരു വിളി ലഭിച്ചിട്ടില്ല. അവസാന പ്രതീക്ഷ എന്ന നിലയിലാണ് വീടിന്റെ ജനാലയിൽ ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടത്.
ജോയ്ക്ക് പകരമാവാൻ ആർക്കുമാവില്ല. എനിക്ക് ഒരു സുഹൃത്തിനെ മാത്രമാണ് വേണ്ടത്. എന്ത് കാര്യങ്ങളും ആരോടും സംസാരിക്കാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു. ഒരു സുഹൃത്തിനെ കണ്ടെത്താൻ ഞാൻ പരമാവധി ശ്രമിച്ചു, പക്ഷേ തന്നോട് സംസാരിക്കാൻ ആരും താത്പര്യം കാണിക്കുന്നില്ലെന്നും വില്യംസ് പറയുന്നു.