pho
ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ പുനലൂർ ടി..ബി..ജംഗ്ഷനിലെ വിശ്രമ കേന്ദ്രത്തിൻെറ മേൽകൂര പൊളിച്ച് മാറ്റിയ നിലയിൽ..

പുനലൂർ: ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് ഇടത്താവളമായ പുനലൂർ ടി.ബി.ജംഗ്ഷനിലെ കല്ലടയാറിന്റെ തീരത്ത് പത്ത് വർഷം മുമ്പ് പണി കഴിപ്പിച്ച വിശ്രമ കേന്ദ്രത്തിന്റെയും സ്നാനഘട്ടത്തിന്റെയും പുനരുദ്ധാരണ ജോലികൾ അനിശ്ചിതത്വത്തിലായിട്ട് മാസങ്ങൾ പിന്നിടുന്നു. വിശ്രമ കേന്ദ്രത്തിന്റെ മേൽകൂര എട്ട് മാസം മുമ്പ് പൊളിച്ച് നീക്കിയെങ്കിലും തുടർ നടപടികൾ അനന്തമായി നീണ്ട് പോകുകയാണ്.ഇതിനോട് ചേർന്ന ശൗചാലയത്തിന്റെ പുനരുദ്ധാരണ ജോലികൾ ഭാഗികമായി പൂർത്തിയാക്കിയെങ്കിലും സമീപത്തെ സ്നാനഘട്ടത്തിന്റെയും വിശ്രമ കേന്ദ്രത്തിന്റെയും പുനരുദ്ധാരണ ജോലികളാണ് നിലച്ചത്.ഇതിന് സമീപത്ത് പ്രവർത്തിച്ചിരുന്ന കാൻറീൻ അടച്ച് പൂട്ടിയിട്ട് വർഷങ്ങൾ പിന്നിടുകയാണ്.

അപകട ഭീഷണിയായി കുളിക്കടവ്

പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിൽ പത്ത് വർഷം മുമ്പ് ജില്ലാ ടൂറിസം വകുപ്പാണ് ശബരിമല തീർത്ഥാടകർക്കായി വിശ്രമ കേന്ദ്രവും കാന്റീനും കുളിക്കടവും സജ്ഞമാക്കിയത്.എന്നാൽ സമീപത്തെ കല്ലടയാറിന്റെ തീരത്തെ സ്നാനഘട്ടം നവീകരിച്ച് മോടി പിടിപ്പിക്കാൻ അധികൃതർ തയ്യാറായില്ല.ഇത് കാരണം കുളിക്കടവിൽ കുളിക്കാൻ ഇറങ്ങുന്ന ശബരിമല തീർത്ഥാടകരും പ്രദേശവാസികളും അപകടത്തിൽപ്പെടുന്ന അവസ്ഥയാണിപ്പോൾ.നിറഞ്ഞൊഴുകുന്ന കല്ലടയാറ് തീരത്തെ ആഴമേറിയ കുളികടവിൽ അപകട സൂചന ബോർഡ് കാര്യമായ നിലയിൽ സ്ഥാപിക്കാത്തതും ഇപ്പോൾ കുളിക്കാൻ എത്തുന്ന പ്രദേശവാസികൾക്ക് ഭീക്ഷണിയായി മാറുകയാണ്.

തീർത്ഥാടകരുടെ അഭയ കേന്ദ്രം ഇപ്പോൾ

സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ താവളം

ശബരിമല സീസണിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും ദിവസവും പുനലൂരിലെ ഇടത്താവളത്തിൽ എത്തുന്ന നൂറ് കണക്കിന് തീർത്ഥാടകർ വിശ്രമിക്കുന്നതും കുളിക്കുന്നതും സ്നാനഘട്ടത്തിലായിരുന്നു. ശബരിമല ദർശനത്തിന് പുനലൂർ വഴിയെത്തുന്ന അയ്യപ്പ ഭക്തരെ ലക്ഷ്യമിട്ടായിരുന്നു വിശ്രമ കേന്ദ്രവും കാൻറീനും ശൗചാലയങ്ങളും മറ്റും പണികഴിപ്പിച്ചത്.ഇതിനോട് ചേർന്ന് പൂന്തോട്ടം ഉൾപ്പടെ സ്ഥാപിക്കുമെന്ന് അധികൃതർ പത്ത് വർഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ നിലവിലെ വിശ്രമ കേന്ദ്രങ്ങളുടെയും മറ്റും പുനരുദ്ധാരണ ജോലികൾ പൂത്തിയാക്കിയാൽ അടുത്ത സീസണിൽ പുനലൂർ വഴി ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തരുടെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. നിലവിൽ മേൽകൂര പൊളിച്ച് മാറ്റിയ വിശ്രമ കേന്ദ്രത്തിന്റെ കോൺക്രീറ്റ് തൂണുകൾ മഴ നനഞ്ഞും വെയിൽ കൊണ്ടും ബലക്ഷയം നേരിടുകയാണ്. ഇത് കൂടാതെ പ്രദേശം മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെയും താവളമായി മാറിയിരിക്കുകയാണ്.