കൊല്ലം : തഴവയിൽ ഒരാൾക്ക് കൂടി കൊവിഡ്. മുല്ലശേരി വാർഡിലെ പഞ്ചായത്ത് ജീവനക്കാരന്റെ ബന്ധുവിനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് ജീവനക്കാരന്റെ പത്തംഗ കുടുംബത്തിന്റെ സമ്പർക്കപട്ടികയിൽപ്പെട്ട മൂന്നംഗ കുടുംബത്തിലുൾപ്പെട്ടതാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച വീട്ടമ്മ. ഇവരെ കുടുംബത്തോടൊപ്പം വീട്ടിൽ തന്നെ ചികിത്സയ്ക്ക് വിധേയരാക്കി. തഴവയിൽ ആദ്യമായി ഹോം ഐസൊലേഷനിൽ ചികിത്സ തേടിയ പത്തംഗ കുടുംബവും ഇന്നലെ നടത്തിയ പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തി. എങ്കിലും ഒരാഴ്ചകൂടി നിരീക്ഷണത്തിൽ തുടരാനാണ് ആരോഗ്യ വകുപ്പ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം. അതേസമയം കഴിഞ്ഞദിവസം തഴവ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിന് രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിന്റെ അഞ്ചംഗ കുടുംബവും സഹപ്രവർത്തകരുമുൾപ്പടെയുള്ളവരെ ഇന്നലെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കി. കൂടാതെ കഴിഞ്ഞദിവസങ്ങളിൽ രോഗമുള്ളതായി കണ്ടെത്തിയവരുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ടവരും ഇന്നലെ പരിശോധനയ്ക്ക് വിധേയരായി.28 ആർ.ടി.പി.സി.ആർ പരിശോധനയും 33 ആന്റിജൻ പരിശോധനയുമാണ് ഇന്നലെ നടന്നത്. ഫാർമസിസ്റ്റിന് രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തഴവ പ്രാഥമികാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കിയശേഷം നിയന്ത്രണവിധേയമായി ഇന്നലെ പ്രവർത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ജീവനക്കാരെ നിയോഗിച്ചായിരുന്നു ആശുപത്രി പ്രവർത്തനം.
വീടുകളിലെത്തി സ്രവം ശേഖരിച്ച് ആരോഗ്യവകുപ്പ്
തഴവ പഞ്ചായത്തിൽ ഹോം ഐസൊലേഷനിൽ കഴിയുന്ന കൊവിഡ് രോഗികളുടെ സ്രവം അവരുടെ വീടുകളിൽ ചെന്ന് ശേഖരിച്ച് കൊവിഡ് ചികിത്സയിൽ മാതൃകയാകുകയാണ് തഴവയിലെ ആരോഗ്യവിഭാഗം ജീവനക്കാർ.തഴവ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ - ചാർജ് ഡോ. ജാസ്മിൻ റിഷാദുംസംഘവുമാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഹോം ഐസൊലേഷനിൽ കഴിയുന്ന വ്യക്തികളുടെ വീടുകളിൽ ചെന്നാണ് സ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്. ഹോം ഐസൊലേഷനിൽ 10ദിവസം പൂർത്തിയാക്കിയവരുടെ സ്രവം ആണ് പരിശോധനക്ക് എടുത്തത്. നിലവിൽ 21പേരാണ് തഴവ പഞ്ചായത്തിലെ 22, 5, 14വാർഡുകളിലായി ഹോം ഐസൊലേഷനിൽ ഇരിക്കുന്നത്.
മെഡിക്കൽ ഓഫീസറും സ്വാബ് കളക്ഷൻ സെന്ററിന്റെ ചാർജ്ജുമുള്ള ഡോ. ജി സംഗീതയുടെ നേതൃത്വത്തിലായിരുന്നു സ്രവം ശേഖരിച്ചത്.