കൊട്ടാരക്കര: കൊട്ടാരക്കരയിൽ കൂടുതൽ ഓട്ടോ ഡ്രൈവർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പട്ടണത്തിലെ ഓട്ടോ സ്റ്റാൻഡുകൾ താത്കാലികമായി നിരോധിച്ചു. നാല് ദിവസം മുൻപ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ ആദ്യ പരിശോധനയിൽ ഒൻപത് പേർക്കുകൂടി പോസിറ്റീവാണെന്ന് കണ്ടെത്തി. ഇന്നലെ ഇരുപത്തഞ്ചിലധികം പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് ജില്ലാ കളക്ടർ അടിയന്തരമായി ഇടപെട്ട് പട്ടണത്തിലെ അഞ്ച് ഓട്ടോ സ്റ്റാൻഡുകൾ നിരോധിച്ചത്. 350ൽപ്പരം ആളുകൾ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. വിവിധ പഞ്ചായത്തുകളിലെ താമസക്കാരായതിനാൽ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. രണ്ടര മാസം മുൻപ് കൊട്ടാരക്കര പട്ടണത്തിലും മുസ്ളീം സ്ട്രീറ്റിലും നിരവധിപേർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് കൊട്ടാരക്കര പട്ടണം അടച്ചുപൂട്ടേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ഓട്ടോകൾക്ക് മാത്രമാണ് വിലക്ക്. പുലമൺ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ ഡ്രൈവർമാർക്കാണ് ആദ്യം രോഗം ബാധിച്ചത്.