photo
ലൈജു മാത്യു

കൊല്ലം: കൊട്ടാരക്കര തലച്ചിറയിൽ പെട്രോൾ നിറച്ച കന്നാസ് വലിച്ചെറിഞ്ഞ് വീട് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്റ്റേറ്റിൽ ലൈജു മാത്യുവിനെയാണ്(41) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തലച്ചിറ കൃപാലയത്തിൽ ജോസ് മാത്യുവിന്റെ(രാജു) വീടാണ് കത്തിയ്ക്കാൻ ശ്രമിച്ചത്. 13ന് രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രാജുവും കുടുംബവും പൂനെയിൽ സ്ഥിര താമസമാണ്. ആളില്ലാത്ത വീട്ടിലേക്കാണ് പെട്രോൾ കന്നാസ് എറിഞ്ഞത്. ശബ്ദംകേട്ട് അയൽ വീട്ടുകാർ ഇറങ്ങി നോക്കിയപ്പോൾ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ തീ ആളിപ്പടരും മുൻപെ കെടുത്താനായി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയും ജോസ് മാത്യുവും തമ്മിൽ മുൻപ് ഉണ്ടായിരുന്ന ബിസിനസ് സംബന്ധിച്ച തർക്കത്തിന്റെ ഭാഗമായിട്ടാണ് വീട് കത്തിയ്ക്കാൻ ശ്രമിച്ചതെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. എന്നാൽ ലൈജു മാത്യുവിനെ തനിക്ക് മുൻ പരിചയമില്ലെന്നും പൂനെയിൽ താമസക്കാരായ മറ്റൊരു ടീം നൽകിയ ക്വട്ടേഷനാണ് അക്രമത്തിന് പിന്നിലെന്നും ജോസ് മാത്യു പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്.പിയ്ക്ക് വീണ്ടും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

പത്തനാപുരത്ത് നിന്നും പെട്രോൾ വാങ്ങി

ലൈജു മാത്യു ബൊലെറോ കാറിൽ ഒറ്റയ്ക്കാണ് വീട് കത്തിയ്ക്കാൻ എത്തിയതെന്നാണ് പൊലീസിനോട് സമ്മതിച്ചത്. പത്തനാപുരം ധന്യ സൂപ്പർ മാർക്കറ്റിൽ നിന്ന് 5 ലിറ്ററിന്റെ പുതിയ കന്നാസ് വാങ്ങി. പത്തനാപുരത്തെ ജനതാ പെട്രോൾ പമ്പിൽ നിന്ന് 250 രൂപയുടെ പെട്രോൾ വാങ്ങി. വാഹനം തലച്ചിറയിലെ ജോസ് മാത്യുവിന്റെ വീടിന് കുറച്ചകലെ മാറ്റി നിർത്തിയ ശേഷം പെട്രോൾ കന്നാസുമായി നടന്ന് പോയാണ് വീടിന് നേർക്ക് എറിഞ്ഞത്. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐ. രാജീവ് പ്രൊബേഷൻ എസ്.ഐ പ്രശാന്ത്, സി.പി.ഒ സലിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്