കരുനാഗപ്പള്ളി: നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിക്ക് മുൻ വശം മനുഷ്യ വിസർജ്ജ്യങ്ങൾ തള്ളിയതായി പരാതി. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് മാലിന്യങ്ങൾ ടാങ്കർ ലോറിയിൽ കൊണ്ട് വന്ന് തള്ളിയത്. ആശുപത്രിയുടെ വടക്ക് ഭാഗത്ത് ദേശീയപാതയോട് ചേർന്ന് പുൽക്കാടുകൾ വളർന്ന് നിൽക്കുന്നിടത്താണ് വിസജ്ജ്യങ്ങൾ ഒഴുക്കിയത്. ഇതിന് സമീപത്താണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ്. മാലിന്യങ്ങൾ ഒഴുകി ദേശീയപാതയുടെ വശങ്ങളിൽ മഴവെള്ളവുമായി ചേർന്ന് കെട്ടിക്കിടക്കുന്നു. യാതക്കാർക്ക് ഇതു വഴി നടന്ന് പോകാൻ കഴിയുന്നില്ല. ബസുകൾ ദൂരെ കൊണ്ട്പോയാണ് നിർത്തുന്നത്. നേരത്തെയും ആശുപത്രിക്ക് സമീപം ദേശീയപാതയുടെ കിഴക്ക് വശത്ത് മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. പരാതി ഉയർന്നപ്പോൾ കഴിഞ്ഞ കുറെ നാളുകളായി ഇവിടെ മാലിന്യം തള്ളാറില്ലായിരുന്നു. വിസർജ്ജ്യങ്ങൾ തള്ളിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരിക്കുകയാണ്.