photo

കൊല്ലം: ഇളമാട്-വെളിയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാളിയോട് തണ്ണേറ്റ് പാലം യാഥാർത്ഥ്യത്തിലേക്ക്. ഇതോടെ,​ പതിറ്റാണ്ടുകളായുള്ള നാടിന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ നാടിന്റെ യാത്രാക്ളേശം മാറുകയാണ്. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. റോഡ് സഞ്ചാര യോഗ്യമാകുന്നതോടെ പുരമ്പിൽ ,വാളിയോട് ,ഈട്ടിക്ക്,പുരമ്പിൽ മേഖലയിലുള്ളവർക്ക് വെളിയം, ഓടനാവട്ടം, കൊട്ടാരക്കര, അമ്പലംകുന്ന്, ഇളമാട്, ആയൂർ പ്രദേശങ്ങളിൽ വളരെ എളുപ്പത്തിലെത്താനാകും.

വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് പാലം പണിയാൻ തുക അനുവദിച്ച് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കരാറുകാരൻ പണി തുടങ്ങിവച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസിയായ മംഗലത്ത് വീട്ടിൽ സജീവ് കുമാ‌ർ (പരേതനായി ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓംബുഡ്സ് മാൻ നൽകിയ ഉത്തരവ് പ്രകാരം 2013ൽ വീണ്ടും ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപ അനുവദിച്ചതാണ്. തുടർന്ന് പാലം പണിയുടെ നിർമ്മാണോദ്ഘാടനം ഇരുകരകളിലും ആഘോഷമായി നടത്തുകയും ഉടൻ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ രണ്ടു കോൺക്രീറ്റ് ഭിത്തികളിൽ താങ്ങി നിൽക്കുന്ന ഒരു പാലം നിർമ്മിച്ചിട്ട് അപ്രോച്ച് റോ‌ഡ് നിർമ്മിക്കാതെ കരാറുകാരൻ വീണ്ടും പണി പാതിവഴിയിലുപേക്ഷിച്ചു. എന്നാൽ തടസങ്ങൾ നീങ്ങി നിർമ്മാണം തുടങ്ങിയ നാൾ മുതൽ നാട് പ്രതീക്ഷയിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഉടൻ പാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.