കൊല്ലം: പൂയപ്പള്ളിയിൽ ആളില്ലാത്തവീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് ബോദ്ധ്യമായിട്ടുണ്ട്. ഇവരിലേക്ക് ഉടൻ എത്തുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

പൂയപ്പള്ളി സോണി ഹൗസിൽ സൂസൻ ജെയിംസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഗേറ്റ് ചാടി കടന്ന മോഷ്ടാക്കൾ സിറ്റൗട്ടിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത ശേഷം വീടിന്റെ മുൻവശത്തുള്ള കടമുറിയുടേയും വീടിന്റെ മുൻവശത്തെ വാതലും പൊളിച്ച് അകത്തു കടക്കുകയായിരുന്നു.അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവന്റെ മാല കവർന്ന മോഷ്ടാക്കൾ മേശയിൽ വച്ചിരുന്ന മൂന്ന് എ.ടി.എം കാർഡുകളും കൈക്കലാക്കി. തുടർന്ന് അതിൽ ഒരുകാർഡിന്റെ പുറത്ത് എഴുതിയിരുന്ന പിൻ നമ്പർ ഉപയോഗിച്ച് പുലർച്ചയോടെ എ.ടി.എമ്മിൽ നിന്നും ഇരുപതിനായിരം രൂപയും കവർന്നു.

വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന സൂസൻ കഴിഞ്ഞമൂന്ന് ദിവസമായി കൊട്ടാരക്കര കിഴക്കേത്തെരുവിൽ കുടുംബ വീട്ടിലായിരുന്നു. കടയിൽ നിന്നും തുണികൾ അപഹരിച്ചിട്ടുണ്ട്. ശബ്ദം കേട്ട് അയൽക്കാർ ഉണർന്നപ്പോൾ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. ആന്റി തെഫ്റ്റ് സ്ക്വാഡും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.