photo

കൊല്ലം: വാഴക്കുല ലോറിയിൽ തമിഴ്നാട്ടിൽ നിന്ന് ലഹരി ഗുളികകൾ കടത്തിയ കേസിലെ പ്രധാനി പിടിയിൽ. തമിഴ്നാട് ചെങ്കോട്ട വില്ലേജിൽ കെ.സി റോഡിൽ ഗുരുസ്വാമി സ്ട്രീറ്റിൽ കറുപ്പസ്വാമിയാണ് (40) അറസ്റ്റിലായത്. കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 864 ട്രമഡോൾ ഗുളികകൾ കടത്തിയ കേസിലാണ് കറുപ്പസ്വാമി പിടിയിലായത്.

ചെങ്കോട്ടയിൽ മെഡിക്കൽ സ്റ്റോർ നടത്തുകയാണ് പ്രതി കറുപ്പസ്വാമി. ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് വിൽപ്പന. ആഗസ്റ്റ് 13ന് ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വച്ച് എക്സൈസ് സി.ഐ ബിനുവും സംഘവും നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകളുമായി ലോറി ഡ്രൈവർ സെന്തിലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതി ആലപ്പുഴ വെള്ളക്കിണറിൽ നിന്ന് വന്ന് വള്ളക്കടവിൽ താമസിക്കുന്ന നഹാസിനെയും(35) അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമൻ മഹേഷിനെക്കൂടി അറസ്റ്റ് ചെയ്തതോടെ മഹേഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കറുപ്പസ്വാമിയെ പറ്റിയുള്ള തെളിവുകൾ ലഭിച്ചത്. പ്രത്യേക ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കറുപ്പസ്വാമിയെ വിളിച്ചുവരുത്തി അഞ്ചുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ഒടുവിലാണ് അറസ്റ്റ് ചെയ്തത്. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സനുവിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.

മൂന്ന് മാസത്തിനിടെ ഒരു ലക്ഷത്തോളം രൂപയ്ക്ക് ലഹരി മരുന്ന് കച്ചവടമാണ് പ്രതികൾ നടത്തിയിട്ടുള്ളത്. മയക്കുമരുന്ന് കൈവശം വയ്ക്കൽ, കുറ്റകരമായ ഗൂഢാലോചന, കുറ്റകൃത്യത്തിനുള്ള ശ്രമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 30 മുതൽ 60 വർഷം വരെ തടവും ആറുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ രാജീവ്, സിവിൽ എക്സൈസ് ഓഫീസറായ ക്രിസ്റ്റിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബീന, ശാലിനി ശശി, പ്രത്യേക ഷാഡോ സംഘാംഗങ്ങളായ ഷിഹാബുദ്ദീൻ, ഷാജി, സുജിത്ത്, അശ്വന്ത്.എസ്.സുന്ദരം, രാജഗോപാൽ എന്നിവരുണ്ടായിരുന്നു.