തൊടിയൂർ: നാവ് കൊണ്ട് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടുകയാണ് കരുനാഗപ്പള്ളി കല്ലേലിഭാഗത്തെ ഡിഗ്രി വിദ്യാർത്ഥിയായ അരുൺ. മൂന്നാം ക്ലാസ് മുതൽ കൈകൊണ്ട് വരച്ച ചിത്രങ്ങൾ എണ്ണി തിട്ടപ്പെടുത്താവുന്നതിലും അപ്പുറമാണ്. ഇനി എന്താണ് പുതുമയെന്ന ലോക്ക് ഡൗൺ ചിന്തകളാണ് നാക്ക് കൊണ്ടുള്ള ചിത്രങ്ങളിലേക്ക് നയിച്ചത്.
ആദ്യ ചിത്രം മികച്ചതെന്ന് അടയാളപ്പെടുത്തി അച്ഛനമ്മമാരും സുഹൃത്തുക്കളും നൽകിയ പിന്തുണ കൂടുതൽ കരുത്തായി. പിന്നീട് വരകളൊക്കെയും നാക്ക് കൊണ്ടായി. അങ്ങനെ, പതുക്കെ ജീവൻ തുടിക്കുന്ന ചിത്രങ്ങളുടെ നാവായി മാറുകയാണ് അരുൺ. കല്ലേലിഭാഗം നന്ദനം വീട്ടിൽ അനിൽകുമാറിന്റെയും അമ്പിളിയുടെയും മകനായ അരുൺ ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിലെ രണ്ടാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിയാണ്. മൂന്നാം ക്ലാസിൽ വരച്ച് തുടങ്ങിയ അരുണിന് പ്രത്യേക പരിശീലനം എവിടെ നിന്നും ലഭിച്ചിട്ടില്ല. നിറങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ പെൻസിലും ബ്രഷും ജലച്ഛായവുമെല്ലാം അരുണിന്റെ മാദ്ധ്യമങ്ങളായി.
നാവുകൊണ്ടുള്ള ചിത്ര രചനയിൽ അക്രിലിക് പെയിന്റാണ് ഉപയോഗിക്കുന്നത്. നാവിൽ നിന്ന് പെയിന്റ് ഉള്ളിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.
ആദ്യപ്രദർശനം സഹപാഠികൾക്ക് മുന്നിൽ
നവമാദ്ധ്യമങ്ങളിൽ പങ്കുവച്ചപ്പോഴും വലിയ പ്രതികരണമാണ് ലഭിച്ചത്. വരച്ച ചിത്രങ്ങളൊക്ക ചേർത്ത് പ്രദർശനം നടത്തണമെന്ന ആഗ്രഹത്തിലാണ് അരുൺ. കൊവിഡ് കെടുതികളൊക്കെ അടങ്ങി കോളേജ് തുറക്കുമ്പോൾ ആദ്യ പ്രദർശനം അവിടെവച്ച് നടത്താനുള്ള തയ്യാറെടുപ്പിലാണ് അരുണിന്റെ സുഹൃത്തുക്കൾ.