കൊല്ലം: പുനർഗേഹം പദ്ധതിയിലൂടെ ജില്ലയിലെ 358 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത താമസ സൗകര്യം ഒരുങ്ങും. കടൽക്ഷോഭ ഭീഷണി നേരിടുന്ന, കടൽത്തീരത്ത് നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രത്യേക പുനരധിവാസ പദ്ധതിയാണിത്.
ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിപ്രകാരം ഭൂമി വാങ്ങാനും ഭവനനിർമ്മാണത്തിനുമായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കും. ഭൂമി വാങ്ങാൻ ആറു ലക്ഷവും വീട് നിർമിക്കാൻ നാലു ലക്ഷവും. വസ്തുവും വീടുമായും വാങ്ങാം. ഭൂമി വാങ്ങിയ തുക ആറു ലക്ഷത്തിൽ കുറവാണെങ്കിൽ ബാങ്കി തുക ഭവന നിർമാണത്തിന് നൽകും. 2,450 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്നത്.
ജില്ലയിൽ പരവൂർ മുതൽ അഴീക്കൽ വരെയുള്ള തീരദേശ മേഖലയിൽ നടത്തിയ സർവേയിൽ അർഹരായ 1,580 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. അതിൽ തീരദേശത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചത് 358 കുടുംബങ്ങളാണ്. നീണ്ടകര, വാടി, തങ്കശേരി തീരപ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഏറെയും. സ്ഥലം കണ്ടെത്തിയ 90 കുടുംബങ്ങളിൽ 39 പേർക്ക് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി തുക കൈമാറി. ഇതിൽ വസ്തുവും വീടും കൂടി ഒരുമിച്ച് കണ്ടെത്തിയ ആറ് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകിക്കഴിഞ്ഞു. പ്രമാണ ചെലവ് ഉൾപ്പടെ 10 ലക്ഷം രൂപ ചെലവഴിക്കാൻ അനുവദിക്കും വിധമാണ് പദ്ധതി. മൂന്നു വർഷക്കാലയളവിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ആകെ പദ്ധതി തുക: 2,450 കോടി
ജില്ലയിൽ അർഹരായ കുടുംബങ്ങൾ: 1,580
ഇപ്പോൾ ഉൾപ്പെട്ട കുടുംബങ്ങൾ: 358
ഒരു കുടുംബത്തിന്: 10 ലക്ഷം
''
അപകട സാദ്ധ്യതയുള്ള തീരദേശ മേഖലയിൽ നിന്ന് സ്വമേധയാ ഒഴിയാൻ തയ്യാറായി മുന്നോട്ടു വരുന്നവരെ മാത്രമാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. മത്സ്യത്തൊഴിലാളികൾ ഒഴിയുന്ന സ്ഥലങ്ങൾ ജൈവവേലി വച്ചുപിടിപ്പിച്ച് സംരക്ഷിത മേഖലയാക്കി മാറ്റും.
കെ.സുഹൈർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ