കരുനാഗപ്പള്ളി: കോഴിക്കോട് ശാസ്താംനട - മുഴങ്ങോട്ട് വിള മത്സ്യ മാർക്കറ്റ് റോഡിലൂടെയുള്ള കാൽനട യാത്ര പോലും കഠിനമാണ്. റോഡെന്ന് പറയാൻ ഒന്നുമില്ല. ടാറിംഗ് ഇളകി കുണ്ടും കുഴിയുമായി കിടക്കുന്ന പടനിലം . മഴ തുടങ്ങിയതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നത് ഇരുചക്ര വാഹനക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാകുന്നു. വെള്ളം നിറഞ്ഞ കുഴികളിൽ ഇരു ചക്ര വാഹനക്കാർ വീണ് പരിക്കേൽക്കുന്നത് പതിവ് കാഴ്ചയാണ്. സൈക്കിളുകളിൽ പോകുന്ന കുട്ടികളടക്കം ഈ അപകടക്കെണിയിൽ വീഴുകയാണ്.
റോഡ് ടാറ് ചെയ്യാറേയില്ല
ഒരു പതിറ്രാണ്ടിന് മുമ്പാണ് അവസാനമായി റോഡ് ടാർ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. ഇതിന് ശേഷം ഒരിക്കൽ പോലും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. മൂന്ന് വർഷത്തിന് മുമ്പ് റോഡിന്റെ പടിഞ്ഞാറ് വശത്തുകൂടി ഓട നിർമ്മിച്ചിരുന്നു. റോഡിനെക്കാൾ ഉയരത്തിൽ ഓട നിർമ്മിച്ചതോടെ മഴ വെള്ളം ഓടയിലേക്ക് ഒഴുകാതെ റോഡിൽ തന്നെ കെട്ടി നിൽക്കാൻ തുടങ്ങി. ഇതാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമായത്.
ഇരുന്നൂറോളം കുടുംബങ്ങളുടെ ആശ്രയം
ഒന്നര കിലോമീറ്റർ ദൈർഘ്യവരുന്നതാണ് റോഡ്. കരുനാഗപ്പള്ളി നഗരസഭയിലെ 22, 25,26 എന്നീ ഡിവിഷനുകളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. ഇരുന്നൂറോളം കുടുംബങ്ങളാണ് റോഡിന്റെ ഇരു വശങ്ങളിലുമായി താമസിക്കുന്നത്. നാട്ടുകാർക്ക് തെക്കും വടക്കും ഉള്ള പ്രധാന റോഡുകളിൽ എത്തിച്ചേരാനുള്ള ഏക മാർഗവും ഈ റോഡാണ്. റോഡ് അറ്റകുറ്രപ്പണികൾ നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു.
നഗരസഭ മാത്രം വിചാരിച്ചാൽ റോഡ് സഞ്ചാര യോഗ്യമാക്കാൻ കഴിയുകയില്ല. ഭീമമായ തുക റോഡിന്റെ പുനരുദ്ധാരണത്തിന് ആവശ്യമാണ്. നഗരസഭ ഫിഷറീസ് വകുപ്പിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ എത്തി റോഡിന്റെ എസ്റ്റിമേറ്ര് തയ്യാറാക്കി. 58.5ലക്ഷം രൂപയാണ് റോഡിന്റെ അറ്റകറ്റപ്പണക്കായി വേണ്ടത്. ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫയൽ ഭരണാനുമതിക്കായി സെക്രട്ടറിയേറ്റിൽ സമർപ്പിച്ചിരിക്കുകയാണ്. ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചാൽ ഉടൻ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
ഷംസുദ്ദീൻകുഞ്ഞ്, ഡിവിഷൻ കൗൺസിലർ, കരുനാഗപ്പള്ളി നഗരസഭ: