betel-farming

കൊല്ലം: പുനലൂർ ശ്രീരാമവർമ്മപുരം മാർക്കറ്റിൽ വീണ്ടും നിയന്ത്രണം, ദുരിതത്തിയത് വെറ്റില കർഷകർ. കൊവിഡിനെ തുടർന്നാണ് മാർക്കറ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ വെറ്റില വിപണനം നടത്താൻ സ്ഥലമില്ലാത്ത സ്ഥിതിയായി. അടുക്കള മൂല, നെല്ലിപ്പളി, അലിമുക്ക് തുടങ്ങിയ പാതയോരങ്ങൾ കേന്ദ്രീകരിച്ച് വിപണനം നടത്തുന്നുണ്ടെങ്കിലും വെറ്റിലയ്ക്ക് ന്യായമായ വില ലഭിക്കാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. പുനലൂരിലും സമീപ പ്രദേങ്ങളിലുമായി 250ഓളം വെറ്റില കർഷകരുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ മുതൽ പുനലൂർ മാർക്കറ്റിൽ നടന്നുകൊണ്ടിരുന്ന വ്യാപാരം ഇപ്പോൾ ഞായർ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് മറ്റു പലസ്ഥലങ്ങളിലെ പാതയോരങ്ങളിലായി നടക്കുന്നു . ഇത് കാരണം കൂടുതൽ മൊത്ത വ്യാപാരികൾ എത്താത്തതാണ് വെറ്റില വിപണി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ മുഖ്യകാരണം.

പ്രത്യേക സൗകര്യം ഒരുക്കണം

പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീരാമപുരം മാർക്കറ്റിൽ വെറ്റില കർഷകരുടെ വ്യാപാരത്തിനായി പ്രത്യേക സൗകര്യം ഒരുക്കി നൽകിയാൽ വെറ്റില കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. അതോടെ വൻകിട കർഷകർക്ക് പുറമെ, ചെറുകിട കർഷർക്കും മാർക്കറ്റിലെത്തി വ്യാപാരം നടത്താനും കൂടുതൽ വ്യാപാരികളെ വിപണിയിലേക്ക് ആകർഷിക്കാനും കഴിയും.ഇത് കണക്കിലെടുത്ത് വെറ്റില കർഷകർ ഉത്പ്പാദിപ്പിക്കുന്ന കാർഷിക ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ പുനലൂർ ശ്രീരാമവർമ്മപുരം മാർക്കറ്റിൽ പ്രത്യേക സൗകര്യം ഒരുക്കി നൽകണമെന്നാവശ്യപ്പെട്ടു കർഷക സംഘം പുനലൂർ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് ജിജി.കെ.ബാബു, സെക്രട്ടറി ടൈറ്റസ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ അധികാരികൾക്ക് നിവേദനവും നൽകി.